മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ ലുക്മാൻ നായകനാകുന്ന പുതിയ ചിത്രം ‘അതിഭീകര കാമുകൻ’ നാളെ തിയേറ്ററുകളിലെത്തുകയാണ്. ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ഫാമിലി എന്റർടെയ്‌നർ എന്ന നിലയിൽ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നു. സിനിമയുടെ ട്രെയിലറും ഗാനങ്ങളും നൽകുന്ന സൂചനയനുസരിച്ച്, കുടുംബ ബന്ധങ്ങളിലൂടെയുള്ള വേറിട്ടൊരു കഥാപരിസരവും മധുരമൂറുന്ന പ്രണയ നിമിഷങ്ങളും ഒട്ടേറെ രസകരമായ മുഹൂർത്തങ്ങളും ചിത്രത്തിൽ ഉണ്ടാകും.
ലുക്മാൻ ‘അർജുൻ’ എന്നും ദൃശ്യ രഘുനാഥ് ‘അനു’ എന്ന കഥാപാത്രവും ആയി ആകും സ്ക്രീനിലെത്തുക. പ്രശസ്ത നടി മനോഹരി ജോയി ചിത്രത്തിൽ അമ്മ വേഷം അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നു എന്നത് ഈ സിനിമയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.
’അതിഭീകര കാമുകൻ’ സിനിമയിലെ പാട്ടുകൾ ഇതിനോടകം തന്നെ സംഗീത പ്രേമികൾക്കിടയിൽ തരംഗമായിക്കഴിഞ്ഞു. സംഗീത ലോകത്തെ സെൻസേഷനായ സിദ്ധ് ശ്രീറാം ആലപിച്ച ‘പ്രേമവതി…’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറി. ഫെജോ പാടിയ ‘ഡെലൂലു ഡെലൂലു…!’ എന്ന ഗാനവും ‘സുന്ദരിയേ’ എന്ന മറ്റൊരു ഗാനവും ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ കമ്പനിയായ സരിഗമയാണ്.
പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ-പ്രൊഡ്യൂസർമാർ. ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ്. സുജയ് മോഹൻരാജ് ആണ് രചന.
അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന താരങ്ങളായി അണിനിരക്കുന്നുണ്ട്. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നീ മനോഹരമായ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം.
സിനിമയുടെ ഛായാഗ്രഹണം ശ്രീറാം ചന്ദ്രശേഖരൻ ആണ്. എഡിറ്റർ അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം ബിബിൻ അശോക്, ആർട്ട്. ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്സൽ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, വിതരണം: സെഞ്ച്വറി റിലീസ്.
















