പുനലൂർ: ചരിത്രപ്രസിദ്ധമായ പുനലൂർ തൂക്കുപാലത്തിലെ തമ്പകപ്പലകകൾ നശിക്കാൻ തുടങ്ങിയതോടെ, ഇവ പൂർണമായി മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. പാലത്തിന്റെ നിലവിലെ അവസ്ഥ സന്ദർശകരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
2001-ൽ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത സംരക്ഷിത സ്മാരകമായ പുനലൂർ തൂക്കുപാലം, ഒന്നാംഘട്ട പുനർനിർമാണത്തിനിടെ വിജിലൻസ് അന്വേഷണം നേരിട്ടതോടെ, നിരവധി തടസ്സങ്ങൾ കടന്ന് ഏകദേശം 12 വർഷം മുൻപ് തമ്പകപ്പലകകൾ പാകി പാലം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു.
തുടർന്ന് ആറ് വർഷം മുൻപ് നശിച്ച തമ്പകത്തലകൾ മാറ്റി സ്ഥാപിക്കുകയും, രണ്ടര വർഷം മുൻപ് കശുവണ്ടി എണ്ണ പുരട്ടി നവീകരണവും നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പല പലകകളും വീണ്ടും നശിക്കാൻ തുടങ്ങിയിട്ടുണ്ട്. “പാലത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ പലകകളും അടിയന്തിരമായി മാറ്റി സ്ഥാപിക്കേണ്ട സാഹചര്യം ഉണ്ടായി,” എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്.
ഇതിനിടയിൽ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ അടുത്തിടെ സ്ഥലം സന്ദർശിച്ച് നിലവിവരങ്ങൾ വിലയിരുത്തിയിട്ടുണ്ട്. ലഭ്യമായ വിവരങ്ങൾ പ്രകാരം, പലകകൾ പൂർണമായും മാറ്റാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ്.
12 വർഷം മുൻപ് വനം വകുപ്പിൽ നിന്നു ശേഖരിച്ച തടികൾ ഇപ്പോഴും തൃപ്പൂണിത്തുറയിലെ പുരാവസ്തു വകുപ്പ് ഗോഡൗണിലും മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തിന് സമീപവുമാണ് സൂക്ഷിച്ചിരിക്കുന്നത്. വകുപ്പുതല തീരുമാനമുണ്ടായാൽ ഈ തടികൾ ഉപയോഗിച്ച് പുതിയ പലകകൾ പാകാനുള്ള സാധ്യതയുണ്ട്.
പുനലൂർ തൂക്കുപാലം തിങ്കൾ ഒഴികെ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ സന്ദർശകർക്കായി തുറന്നിരിക്കുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും, അനേകം സന്ദർശകരാണ് ഈ ചരിത്രപാലം കാണാനെത്തുന്നത്. സ്കൂളുകളും കോളേജുകളും സംഘടിപ്പിക്കുന്ന പഠനയാത്രകളിലും തൂക്കുപാലം പ്രധാന കേന്ദ്രമാണ്. അവധി ദിവസങ്ങളിൽ പാലത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
















