അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തുനിന്ന് 300 കിലോഗ്രാം ഹെറോയിനും അഞ്ച് എകെ 47 തോക്കുകളും സഹിതം കോസ്റ്റ് ഗാർഡിന്റെ പിടിയിലായ ശ്രീലങ്കൻ സംഘത്തിനുപിന്നിൽ പാകിസ്താൻ കേന്ദ്രമായുള്ള ഹാജി സലിമിന്റെ അധോലോകസംഘമാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഹൈക്കോടതിയിൽ. ഈ കേസിൽ അറസ്റ്റിലായ ശ്രീലങ്കൻ പൗരന്മാരായ എൽ.വൈ. നന്ദന, ജനക ദാസപ്രിയ, സുരേഷ് രാജ് എന്നിവരുടെ ജാമ്യഹർജിയെ എതിർത്തുകൊണ്ടാണ് എൻഐഎയുടെ ഈ നിർണായക വെളിപ്പെടുത്തൽ.
’മയക്കുമരുന്നുകളുടെ ഉടയതമ്പുരാൻ’ എന്നപേരിലാണ് ഹാജി സലിം കുപ്രസിദ്ധൻ. ഇന്ത്യ തേടുന്ന അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഹാജി സലിം എന്നും, ഇയാളുടെ അന്താരാഷ്ട്ര നെറ്റ്വർക്കിലെ കണ്ണികളാണ് പ്രതികളെന്നുമാണ് എൻഐഎ വിശദീകരിക്കുന്നത്. എൻഐഎ സൂപ്രണ്ട് വിഷ്ണു എസ്. വാരിയർ, ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഒ.എം. ശാലീന വഴിയാണ് ഹൈക്കോടതിയിൽ വിശദീകരണം ഫയൽ ചെയ്തത്.
രാജ്യസുരക്ഷയുമായി നേരിട്ട് ബന്ധമുള്ള വിഷയമായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് എൻഐഎ ശക്തമായി ആവശ്യപ്പെട്ടു. ജാമ്യം നൽകുന്നത് സാക്ഷികളുടെ ജീവനടക്കം ഭീഷണിയാകുമെന്നും ഏജൻസി കോടതിയെ അറിയിച്ചു. 2021 മാർച്ച് 18-നാണ് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ശ്രീലങ്കൻ മത്സ്യബന്ധന ബോട്ട് ‘രവിഹാൻസി’ കോസ്റ്റ് ഗാർഡ് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച് പിടികൂടിയത്. എകെ 47 തോക്കുകൾക്ക് പുറമെ, പാകിസ്താൻ ആയുധ നിർമ്മാണ ഫാക്ടറിയിൽ നിർമ്മിച്ച മറ്റ് വെടിക്കോപ്പുകളും ബോട്ടിൽനിന്ന് കണ്ടെത്തിയിരുന്നു.
ബോട്ടിലുണ്ടായിരുന്ന നന്ദന, ജനക ദാസപ്രിയ എന്നിവരെ അപ്പോൾത്തന്നെ അറസ്റ്റ് ചെയ്യുകയും ഗൂഢാലോചനയിൽ പങ്കാളിയായ സുരേഷ് രാജിനെ പിന്നീട് ചെന്നൈയിൽ നിന്നും പിടികൂടുകയുമായിരുന്നു. പ്രതികൾക്ക് ഒരു നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ (എൻസിബി) നിന്ന് പിന്നീട് കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. എൻഐഎ കോടതി കേസിൽ കുറ്റം ചുമത്തിയിട്ടുണ്ട്. വിചാരണ നടപടികൾ ഫെബ്രുവരി രണ്ടിന് ആരംഭിക്കാനിരിക്കുകയാണെന്നും വിശദീകരണത്തിൽ പറയുന്നു. ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജാമ്യ ഹർജികൾ ഉത്തരവിനായി മാറ്റി.
















