സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സികളായ ഊബറിനും ഓലയ്ക്കും എതിരേ കർശന നിയമനടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച നിയമവശങ്ങൾ ചോദിച്ച് വകുപ്പ് നിയമോപദേശം തേടിയിരിക്കുകയാണ്. ട്രാൻസ്‌പോർട്ട് കമ്മിഷണർ നാഗരാജു ചകിലം ആണ് ഇക്കാര്യം അറിയിച്ചത്. ഇരു കമ്പനികൾക്കും ഉടൻതന്നെ കാരണംകാണിക്കൽ നോട്ടീസ് നൽകാനാണ് മോട്ടോർവാഹന വകുപ്പിന്റെ നീക്കം.
സംസ്ഥാന സർക്കാർ 2024-ൽ ഓൺലൈൻ അഗ്രിഗേറ്റർ നയം രൂപീകരിച്ചിട്ടുണ്ടെങ്കിലും, നിലവിൽ മറ്റൊരു കമ്പനി മാത്രമാണ് അപേക്ഷിച്ചിട്ടുള്ളത്. അത് ബൈക്ക് ടാക്സിക്ക് വേണ്ടിയായതിനാൽ അവരുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടില്ല. അംഗീകൃത ടാക്സി സേവനദാതാക്കൾക്ക് സംസ്ഥാനത്ത് ഓഫീസും കോൾസെന്ററും ഉൾപ്പെടെ സജ്ജീകരിക്കേണ്ടതുണ്ട്. എന്നാൽ, ഊബർ, ഓല ഉൾപ്പെടെയുള്ള പ്രധാന സ്വകാര്യ ഓൺലൈൻ ടാക്സി സേവനദാതാക്കൾ ആരും തന്നെ സംസ്ഥാനത്ത് അംഗീകൃത ഓഫീസുകൾ തുറന്നിട്ടില്ലെന്ന് മോട്ടോർവാഹന വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. താത്കാലിക ജീവനക്കാരെ മാത്രം ഉപയോഗിച്ച് ടാക്സി വാഹനങ്ങൾ ഓൺലൈനിലൂടെ ലഭ്യമാക്കുകയാണ് ഇവർ ചെയ്യുന്നത്.
കേന്ദ്രസർക്കാരിന്റെ നിബന്ധന പ്രകാരം ഇത്തരം കമ്പനികൾ സംസ്ഥാന സർക്കാരിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. 2020-ൽ കേന്ദ്രം നയം കൊണ്ടുവന്നെങ്കിലും 2024-ലാണ് കേരളത്തിൽ സംസ്ഥാന നയം തയ്യാറായത്. 2025-ൽ കേന്ദ്രനയം വീണ്ടും പരിഷ്കരിച്ചെങ്കിലും സംസ്ഥാന നയം പുതുക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ നിലവിലെ നിയമലംഘനങ്ങൾക്കെതിരെ തുടർനടപടി സ്വീകരിക്കുന്നതിന് നിയമപരമായ അന്തിമതീരുമാനം എടുക്കാനാണ് നിയമോപദേശം തേടിയതെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ വ്യക്തമാക്കി.
















