ഇന്ത്യ-ചൈന അതിർത്തിയിലെ യഥാർഥ നിയന്ത്രണ രേഖയിൽ (LAC) ഇന്ത്യയുടെ സൈനിക സജ്ജീകരണം ശക്തിപ്പെടുത്തുന്ന നിർണായക നീക്കത്തിൽ, തന്ത്രപ്രധാനമായ ന്യോമ വ്യോമതാവളം ബുധനാഴ്ച പ്രവർത്തനക്ഷമമായി. ഏകദേശം 13,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ താവളം, രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള വ്യോമതാവളങ്ങളിലൊന്നാണ്. LAC-യിൽ നിന്ന് വെറും 35 കിലോമീറ്റർ അകലെയാണ് ന്യോമയുടെ സ്ഥാനം. പാംഗോങ്, ഡെംചോക്ക്, ഡെപ്‌സാങ് പോലുള്ള സംഘർഷ മേഖലകളോട് അടുത്തുള്ള ഈ കേന്ദ്രം, സൈനികരെയും ആയുധങ്ങളെയും സാമഗ്രികളെയും അതിവേഗം ഈ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കും.
ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO) ആണ് ന്യോമ വ്യോമതാവളത്തിന്റെ 230 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. 2023 സെപ്റ്റംബറിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 2.7 കിലോമീറ്റർ നീളമുള്ള റിജിഡ് പേവ്‌മെന്റ് റൺവേയായി യഥാർഥ എയർസ്ട്രിപ്പ് വികസിപ്പിച്ചതിൽ, പുതിയ എടിസി കോംപ്ലക്സ്, ഹാങ്ങറുകൾ, ക്രാഷ് ബേ, താമസസൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. ലേ, കാർഗിൽ, തോയിസ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങൾക്കൊപ്പം ന്യോമയും പ്രവർത്തനക്ഷമമായതോടെ ലഡാക്കിലെ നാലാമത്തെ വ്യോമസേനാ താവളമാണിത്. എല്ലാത്തരം ആയുധങ്ങളും പ്രയോഗിക്കാൻ കഴിയുന്ന സൈന്യത്തിന്റെ ‘മഹേ ഫീൽഡ് ഫയറിങ് റേഞ്ചിന്’ (MFFR) സമീപമാണ് ന്യോമയുടെ സ്ഥാനം എന്നതും ഇതിന്റെ തന്ത്രപരമായ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
നിലവിൽ കാർഗോ, യാത്രാവിമാനങ്ങളുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഈ എയർഫീൽഡ് സാധാരണ വിമാന സർവീസുകൾക്കുള്ള ഒരു കേന്ദ്രമായും പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2026-ന്റെ തുടക്കത്തോടെ ന്യോമയെ യുദ്ധവിമാനങ്ങളുടെ പ്രവർത്തനങ്ങൾക്കായും സജ്ജമാക്കാൻ ലക്ഷ്യമിടുന്നുണ്ട്. ലഡാക്ക് മേഖലയിലെ ദൗലത് ബേഗ് ഓൾഡി അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ടിലെ (ALG) അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും ഇന്ത്യ തുടരുന്ന സാഹചര്യത്തിലാണ് പുതിയ വ്യോമതാവളം പ്രവർത്തനക്ഷമമാക്കിയത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയർഫീൽഡായി അറിയപ്പെടുന്ന ദൗലത് ബേഗ് ഓൾഡി ALG, LAC-യോട് ചേർന്ന് 16,700 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യ-ചൈന അതിർത്തിയിലെ 3,488 കിലോമീറ്റർ ദൈർഘ്യമുള്ള LAC-യിൽ ഇന്ത്യ ഉയർന്ന സൈനിക സജ്ജീകരണം നിലനിർത്തുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയാണ് ഈ വികസന പ്രവർത്തനങ്ങൾ. കിഴക്കൻ മേഖലയിലെ അരുണാചൽ പ്രദേശിൽ ‘പൂർവി പ്രചണ്ഡ് പ്രഹാർ’ എന്ന ബൃഹദ് സൈനികാഭ്യാസം പുരോഗമിക്കുന്നതിനിടയിലാണ് ന്യോമയുടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഉഭയകക്ഷി നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും സൈനികതലത്തിൽ വിശ്വാസം വർധിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, താഴെത്തട്ടിൽ ഇപ്പോഴും വിശ്വാസക്കുറവുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തി. നിയന്ത്രണരേഖയിൽ സംഘർഷ ലഘൂകരണം ഉണ്ടാകാത്ത സാഹചര്യത്തിൽ സൈന്യത്തെ മുന്നണിയിൽ വിന്യസിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















