നെടുങ്കണ്ടം: തുടർച്ചയായ കനത്ത മഴയെ തുടർന്ന് പൊന്നാമല–മഞ്ഞപ്പാറ റോഡ് അപകടാവസ്ഥയിൽ. ചീരംകുന്നേൽപടിക്ക് സമീപം സംരക്ഷണഭിത്തിയോടൊപ്പം മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് റോഡിന്റെ വശം പൂർണമായും തകർന്നിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി ഉണ്ടായ മണ്ണിടിച്ചിലാണ് അപകടാവസ്ഥ രൂക്ഷമായത്.
ചീരംകുന്നേൽ ജോസിന്റെ വീട്ടിലേക്കുള്ള വഴിയിലേക്കാണ് മണ്ണും കല്ലുകളും ചേർന്ന് തെന്നിവീണത്. ഏതാനും മാസങ്ങൾക്കു മുൻപ് പൊതുമരാമത്ത് വകുപ്പ് റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ഭാഗത്താണ് ഇപ്പോൾ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ റോഡിൽ വിള്ളലുകൾ രൂപപ്പെട്ടതിനെ കുറിച്ച് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, സമയബന്ധിത നടപടി ഉണ്ടായിരുന്നില്ല.
ഇപ്പോൾ റോഡ് വഴിമാറിയ നിലയിലാണ്. വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും ഏതു നിമിഷവും പൂർണമായി ഇടിഞ്ഞുപോകാനുള്ള സാധ്യത വിദഗ്ധരും നാട്ടുകാരും മുന്നറിയിപ്പുനൽകുന്നു. ഈ വഴി ഒട്ടേറെ സ്കൂൾ ബസുകളും യാത്രാബസുകളും ദിനേന ഗതാഗതത്തിനായി ഉപയോഗിക്കുന്നതുമൂലം അപകടസാധ്യത കൂടുതൽ ഗൗരവമേറിയതാണ്.
അപകടസൂചനയായി ചുവപ്പ് റിബൺ കെട്ടിയതൊഴിച്ചാൽ മറ്റ് മുൻകരുതലുകൾ ഒന്നും അധികൃതർ സ്വീകരിച്ചിട്ടില്ല. പ്രദേശവാസികൾ ഉടൻതന്നെ സംരക്ഷണഭിത്തി പുനർനിർമിച്ച് റോഡ് പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെടുന്നു.
“ഒരു വലിയ മഴ കൂടി പെയ്താൽ ഇവിടെ യാത്ര തടയേണ്ടി വരും. രാത്രി സമയത്ത് വാഹനങ്ങൾ കടന്നുപോകുമ്പോൾ അപകടം സംഭവിക്കാൻ സാധ്യത കൂടുതലാണ്,” എന്ന് നാട്ടുകാർ പറയുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ അടിയന്തര ഇടപെടലാണ് ഇപ്പോൾ പ്രദേശവാസികൾ ആവശ്യമുന്നയിക്കുന്നത്.
















