ട്രാഫിക് ലൈറ്റുകൾ ഇല്ലാത്ത ഒരു നഗരത്തെ കുറിച്ച് നിങ്ങൾക്ക് അറിയാമോ ? അത് വേറെ അവിടെയും അല്ല നമ്മുടെ രാജസ്ഥാനിലെ കോട്ടയെന്ന നഗരമാണ് ഇന്ത്യയിൽ ആദ്യമായി ട്രാഫിക് ലൈറ്റുകൾ പൂർണമായി ഒഴിവാക്കിയ നഗരം. ഗതാഗത സൗകര്യങ്ങളും ട്രാഫിക് ബ്ലോക്കുകൾ കൊണ്ട് പൊറുതി മുട്ടുന്ന മറ്റേതൊരു ഇന്ത്യൻ നഗരത്തിനും പാഠമാക്കാവുന്നതാണ് ഈ നഗരത്തെ.
ഇന്ത്യയിലെ ആദ്യത്തെ റെഡ്‌ലൈറ്റ് രഹിത നഗരമായ കോട്ട സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലെ ചമ്പൽ നദിയുടെ തീരത്താണ്. ഭൂട്ടാനിലെ തിംഫു നഗരമാണ് ആദ്യമായി ഇത്തരമൊരു മാതൃക ലോകത്തിനു പരിചയപ്പെടുത്തിയത്. സുഗമമായ ഗതാഗതം ഉറപ്പാക്കുക, കവലകളിൽ കാത്തുനിൽപ് സമയം കുറയ്ക്കുക, വാഹനങ്ങൾ നിർത്തിയിടുന്നതു ഒഴിവാക്കി ഇന്ധന ക്ഷമത വർധിപ്പിക്കുക എന്നിങ്ങനെ നീളുന്നു ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.
ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നഗരമായി കോട്ട മാറിയതിനു പിന്നിൽ അശ്രാന്ത പരിശ്രമത്തിന്റെ നാൾ വഴികളുണ്ട്. കൃത്യമായ ആസൂത്രണം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, റോഡ് രൂപകൽപനയിലെ നൂതന മാർഗങ്ങൾ എന്നിങ്ങനെ പ്രാവർത്തികമാക്കാൻ കഴിയുന്ന മികച്ച പദ്ധതികൾ ഫലം കണ്ടതോടെയാണ് കോട്ട റെഡ് സിഗ്നൽ ഇല്ലാത്ത നഗരമായി മാറിയത്. അതിനായി ആദ്യം ചെയ്തത് നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി അർബൻ ഇമ്പ്രൂവ്മെന്റ് ട്രസ്റ്റ് കോട്ടയും രാജസ്ഥാൻ ഗവണ്മെന്റും ഒരുമിച്ച് ചേർന്ന് ഒരു റോഡ് നവീകരണ പദ്ധതി നടപ്പിലാക്കിയതാണ്. ഇതിന്റെ ഭാഗമായി മുപ്പത് ഫ്‌ളൈഓവറുകൾ, അടിപാതകൾ, കവലകൾ എന്നിവ നിർമിച്ച് സിഗ്നലുകൾ പൂർണമായും ഒഴിവാക്കി.
റോഡുകൾ വീതി വർധിപ്പിച്ചു, വികസിപ്പിച്ചു. ഡ്രൈവർമാർക്ക് കൃത്യമായി യാത്ര ചെയ്യുന്നതിനായി ദിശാബോർഡുകളും വ്യക്തമായ ലൈൻ അടയാളപ്പെടുത്തലുകളും നടത്തി. കൂടാതെ, സിഗ്നലുകൾ ഇല്ലാതെ യാത്ര ചെയ്യുന്നതിനായി റൗണ്ട് അബൗട്ടുകളും നിർമിച്ചു. ഈ പരിഷ്‌ക്കാരങ്ങൾ ഗതാഗത തടസങ്ങൾ അകറ്റി എന്നുമാത്രമല്ല, വായുമലിനീകരണ തോത് കുറയ്ക്കുകയും ചെയ്തു. പൗരന്മാർക്ക് കൃത്യമായ ബോധവൽക്കരണം കൂടി നടപ്പിലാക്കിയപ്പോൾ പരിഷ്‌കാരങ്ങൾ പ്രായോഗികമാക്കാൻ ഗവണ്മെന്റിനു കഴിഞ്ഞു.
















