കുവൈത്ത് സിറ്റി: വരുമാനത്തേക്കാൾ കൂടുതലായി പണമിടപാട് നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും ഇനി കുവൈത്തിൽ കർശനമായ പരിശോധനയ്ക്കു വിധേയരാകും. കള്ളപ്പണം വെളുപ്പിക്കൽയും ഭീകരവാദ ധനസഹായവും തടയാനുള്ള നീക്കത്തിന്റെ ഭാഗമായി കുവൈത്ത് സെൻട്രൽ ബാങ്ക് പണമിടപാട് നിരീക്ഷണം ശക്തമാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വാണിജ്യ അക്കൗണ്ടുകൾ മുതൽ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ വരെയുള്ള ഓൺലൈൻ ഇടപാടുകൾ ഉൾപ്പെടെ എല്ലാ സാമ്പത്തിക ഇടപാടുകളും ഇപ്പോൾ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. ബാങ്കുകളിൽ രേഖപ്പെടുത്തിയ കെ.വൈ.സി. വിവരങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന വരുമാനപരിധിയുമായി പൊരുത്തപ്പെടാത്ത ഇടപാടുകൾ ഉണ്ടാകുന്നുവെങ്കിൽ, ബന്ധപ്പെട്ട വ്യക്തികളോട് വിശദീകരണം ആവശ്യപ്പെടും.
വരുമാനവുമായി ബന്ധമില്ലാത്ത വലിയ തുകയുടെ പണമിടപാടുകൾ സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാനാകാത്തവർക്ക് നിയമനടപടികളും അക്കൗണ്ട് നിയന്ത്രണങ്ങളും നേരിടേണ്ടിവരുമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകി.
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും അനധികൃത പണമൊഴുക്കിനുമെതിരെ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ നടക്കുന്ന പരിശോധനാ സംവിധാനങ്ങളുമായി കുവൈത്ത് സഹകരിച്ചുകൊണ്ടിരിക്കുന്നു. പുതിയ നടപടികൾ ബാങ്കിങ് മേഖലയെ കൂടുതൽ സുതാര്യവും ഉത്തരവാദിത്വമുള്ളതുമായതാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
















