ലൈംഗികാരോപണത്തെത്തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ കണ്ണാടി പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തത് വിവാദമാകുന്നു. സസ്‌പെൻഷൻ പിൻവലിക്കാത്ത സാഹചര്യത്തിൽ പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന നേതൃത്വത്തിന്റെ നിർദ്ദേശം ലംഘിച്ചുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകുന്നത്.
സസ്‌പെൻഷനിലായിട്ടും പ്രാദേശിക തലത്തിൽ കോൺഗ്രസ് യോഗങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും രാഹുൽ സജീവമായി ഇടപെടുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. കണ്ണാടി പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്ത രഹസ്യ യോഗത്തിലാണ് എം.എൽ.എ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. ലൈംഗികാരോപണത്തിനുശേഷം ദിവസങ്ങളോളം പൊതുരംഗത്ത് നിന്ന് വിട്ടുനിന്ന രാഹുൽ, ഇപ്പോൾ തന്റെ മണ്ഡലത്തിൽ നടക്കുന്ന യോഗങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്നതായും വാർത്തകളുണ്ട്.
അതേസമയം, കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തുവെന്ന ആരോപണം രാഹുൽ മാങ്കൂട്ടത്തിൽ നിഷേധിച്ചു. താൻ ഔദ്യോഗികമായി ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ലെന്നും, പകരം പരിചയമുള്ള ആളുകളെ കാണുക മാത്രമാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. “സസ്‌പെൻഷനിലായാൽ ഞാൻ വേറെ പാർട്ടിയാകുമോ? കൈ ചിഹ്നത്തിൽ ജയിച്ച എം.എൽ.എ ആണ് ഞാൻ. യു.ഡി.എഫ് സ്ഥാനാർത്ഥികൾ ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. അതിനുവേണ്ടി എന്നെക്കൊണ്ട് കഴിയുന്ന എല്ലാ പ്രവർത്തനങ്ങളും നടത്തും,” രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. പാലക്കാട് എന്നല്ല, ഏത് സ്ഥലത്തുവെച്ചും നല്ല യു.ഡി.എഫുകാരെ കണ്ടാൽ തിരഞ്ഞെടുപ്പ് വിവരങ്ങൾ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി തനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ചെയ്യുമെന്ന നിലപാടാണ് രാഹുൽ മാങ്കൂട്ടത്തിൽ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, സസ്‌പെൻഷൻ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നത് നേതൃത്വത്തിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. രാഹുലിന്റെ സജീവമായ ഇടപെടൽ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം എന്ത് നിലപാടെടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
















