അബുദാബി: ആഫ്രിക്കൻ രാജ്യം അംഗോളയിലെ വികസന പദ്ധതികൾക്ക് വൻതോതിൽ പിന്തുണയുമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ). ഊർജം, കൃഷി, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ പ്രധാന മേഖലകളിൽ ഏകദേശം 650 കോടി ദിർഹം നിക്ഷേപിക്കാനാണ് തീരുമാനം.
ഇരുരാജ്യങ്ങളും തമ്മിൽ 44 സഹകരണ കരാറുകൾ ഒപ്പുവെച്ചതോടെ ബന്ധം പുതിയ തലത്തിലേക്ക് ഉയർന്നതായി അധികൃതർ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കസ്‌റ്റംസ് സഹകരണം, ധനകാര്യ, ഖനനം, വ്യാപാരം തുടങ്ങിയ മേഖലകളിൽ കരാറുകൾ വ്യാപിച്ചുകിടക്കുന്നു.
യുഎഇയിലെ അംഗോള സ്ഥാനപതി ജൂലിയോ മയാറ്റോ വ്യക്തമാക്കിയത്, “സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ എണ്ണയെ ആശ്രയിക്കുന്നതിൽ നിന്ന് രാജ്യത്തെ മാറ്റി നിർത്തുകയാണ് ലക്ഷ്യം. കൃഷി, ഖനനം, വ്യാപാരം തുടങ്ങിയ മേഖലകളിൽ വളർച്ച വേഗത്തിലാക്കാൻ യുഎഇയുടെ നിക്ഷേപങ്ങൾ സഹായകരമാകും,” എന്നായിരുന്നു.
അംഗോളയിലെ ആർഥിക വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിലും, എണ്ണ ഇതര മേഖലകളിൽ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിലും യുഎഇയുടെ പങ്കാളിത്തം നിർണായകമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
















