ശിശുദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. രാഷ്ട്രത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഭാവിയിൽ മാർഗനിർദ്ദേശം നൽകുന്ന പൗരന്മാരായി വളരാൻ എല്ലാ കുട്ടികൾക്കും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ ജവഹർലാൽ നെഹ്‌റുവിൻ്റെ ജന്മദിനമാണ് ശിശുദിനമായി നാം ആചരിക്കുന്നതെന്ന് സ്പീക്കർ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. കുട്ടികളെ അങ്ങേയറ്റം സ്നേഹിക്കുകയും വാത്സല്യം നൽകുകയും ചെയ്ത ഒരു ഭരണാധികാരിയായിരുന്നു നെഹ്‌റു. അദ്ദേഹത്തിൻ്റെ കുട്ടികളോടുള്ള സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും ഓർമ്മപ്പെടുത്തലാണ് ഈ ദിനം.
’ഇന്നത്തെ കുട്ടികളാണ് നാളെയെ വാർത്തെടുക്കേണ്ടത്’ എന്ന നെഹ്‌റുവിൻ്റെ വാക്കുകൾ സ്പീക്കർ എടുത്തുപറഞ്ഞു. ഈ വാക്കുകളിൽ ഉറച്ചുനിന്നുകൊണ്ട്, ശക്തമായ അടിത്തറയോടുകൂടി രാജ്യത്തെ മുന്നോട്ട് നയിക്കാൻ കെൽപ്പുള്ളവരായി ഓരോ കുട്ടിയും വളരണം. ഭാവിയിൽ രാജ്യത്തിന് ദിശാബോധം നൽകാൻ കുട്ടികൾക്ക് സാധിക്കണം എന്നും അദ്ദേഹം പറഞ്ഞു.
















