കുവൈറ്റ് സിറ്റിയിൽ മൂടൽമഞ്ഞ് നീങ്ങി. ഇതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിവെച്ച സർവിസുകൾ പുനരാരംഭിച്ചു. ഇന്ന് രാവിലെ ആയിരുന്നു പെട്ടന്ന് മഞ്ഞുണ്ടായത്. ഇതിനെ തുടർന്ന് കുവൈത്തിലേക്കുള്ള ചില വിമാനങ്ങൾ അയൽ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിടുകയും, പുറപ്പെടാനുള്ള വിമാന സർവിസുകൾ നിർത്തിവെക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ കാലാവസ്ഥ മെച്ചപ്പെട്ടതോടെ സർവിസുകൾ പുനരാരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ വ്യക്തമാക്കി. രാവിലത്തെ മൂടൽമഞ്ഞ് മൂലം ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറഞ്ഞിരുന്നു. ഇത് വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിങ്ങിനെയും പുറപ്പെടലിനെയും ബാധിക്കുമെന്നതുകൊണ്ടാണ് സർവീസ് നിർത്തി വെച്ചത്. നിലവിൽ കുവൈത്ത് വിമാനത്താവളം പ്രവർത്തന സജ്ജമാണ്. വിമാനങ്ങളുടെ വരവും പുറപ്പെടലും പതിവുപോലെ നടക്കുന്നുണ്ട്. വഴിതിരിച്ചുവിട്ട വിമാനങ്ങളും കുവൈത്തിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
















