ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശക്തമായ നടപടി നേരിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭാവിയില്‍ ഇത്തരം ഒരു ആക്രമണം നടത്താന്‍ ചിന്തിക്കാന്‍ പോലും ധൈര്യപ്പെടാത്ത വിധത്തിലുള്ള തിരിച്ചടി രാജ്യം നല്‍കുമെന്നാണ് അമിത് ഷായുടെ പ്രതികരണം. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ബോറിയവിയില്‍ ശ്രീ മോതിഭായ് ആര്‍ ചൗധരി സാഗര്‍ സൈനിക് സ്‌കൂളിന്റെയും സാഗര്‍ ജൈവ പ്ലാന്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെയാണ് അമിത് ഷായ ഇക്കാര്യം വ്യക്തമാക്കിയത്. വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു അമിത് ഷാ ചടങ്ങില്‍ പങ്കെടുത്തത്.
‘ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തി ചെയ്തവരെയും ഇതിന് പിന്നിലുള്ളവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ നല്‍കും. ഇത് ഉറപ്പാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റും ആഭ്യന്തര മന്ത്രാലയവും പ്രതിജ്ഞാബദ്ധരാണ്. ഡല്‍ഹി ഭീകരാക്രമണത്തിലെ കുറ്റവാളികള്‍ക്ക് നല്‍കുന്ന തിരിച്ചടി, നമ്മുടെ രാജ്യത്ത് ഇത്തരമൊരു ആക്രമണത്തെക്കുറിച്ച് ആരും ഒരിക്കലും ചിന്തിക്കാന്‍ പോലും ധൈര്യപ്പെടരുത് എന്ന സന്ദേശം ലോകത്തിന് നല്‍കും’ അമിത് ഷാ പറഞ്ഞു.
അതിനിടെ, ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡിസംബര്‍ 1 ന് ആരംഭിക്കാന്‍ പോകുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യണം. ഇതിന് മുന്നോടിയായി യോഗം വിളിക്കണം എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ, ഇന്ത്യയിലെ ഏതൊരു ഭീകരാക്രമണത്തെയും ‘യുദ്ധപ്രവൃത്തി’യായി കണക്കാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം പുതിയ സാഹചര്യത്തില്‍ നിലനില്‍ക്കുമോ എന്നും കോണ്‍ഗ്രസ് ചോദ്യം ഉന്നയിച്ചു.
Story Highlights : strictest-possible-punishment-for-delhi-blast-perpetrators-says-amit-shah
















