കേരളത്തിലെ മണ്ഡലം, ബ്ലോക്ക്, നിയമസഭ, ജില്ല തലങ്ങളിൽ സ്ഥാനാർഥി തിരഞ്ഞെടുപ്പിനായി രൂപീകരിച്ച കോർ കമ്മിറ്റികളിൽ എസ്.സി / എസ്.ടി വിഭാഗങ്ങളിലെ നേതാക്കളെ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നത് ഗുരുതരമായ അനീതിയും വിവേചനപരമായ നടപടിയും ആണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും, എംപിയുമായ കൊടിക്കുന്നിൽ സുരേഷ്. വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാസ് മുൻഷിക്ക് കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ഐ.എൻ.ടി.യു.സി, കെ.എസ്.യു തുടങ്ങിയ സംഘടനകൾക്ക് പ്രതിനിധാനം നൽകിയിട്ടുണ്ടെങ്കിലും, ദളിത്-ആദിവാസി നേതാക്കൾക്ക് പ്രതിനിധിത്വം നൽകാതിരിക്കുകയും, സംവരണ മണ്ഡലങ്ങളിലെ സ്ഥാനാർഥി തിരഞ്ഞെടുപ്പ് ചർച്ചകളിലും അവരെ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തിരിക്കുന്നു. ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സാമൂഹ്യ നീതിയുടെയും ഉൾക്കൊള്ളലിന്റെയും ദേശീയ ദർശനത്തോട് വിരോധമായ നടപടിയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും, രാഹുൽ ഗാന്ധിയും ഉന്നയിച്ചിരിക്കുന്ന സാമൂഹ്യനീതി അടിസ്ഥാനമാക്കിയ പാർട്ടി പുനർനിർമ്മാണ ദിശയെ ഇത് അപമാനിക്കുന്നതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്ത് നടന്ന കെപിസിസി യോഗത്തിൽ ഈ വിഷയം ഉന്നയിക്കുകയും, പ്രസിഡന്റ് അതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിട്ടും ഇതുവരെ വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടില്ല എന്നതും എംപി ചൂണ്ടിക്കാട്ടി. എസ്.സി / എസ്.ടി നേതാക്കളെ എല്ലാ തലങ്ങളിലുമുള്ള സ്ഥാനാർഥി തിരഞ്ഞെടുപ്പ് സമിതികളിൽ തുല്യമായ പ്രതിനിധിത്വം നൽകുന്ന തരത്തിലുള്ള വ്യക്തമായ നിർദ്ദേശം എഐസിസി നൽകണമെന്ന് കത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. പാർട്ടിയുടെ സാമൂഹ്യനീതി, സമത്വം, പ്രതിനിധിത്വം എന്നീ മൂല്യങ്ങൾ നിലനിറുത്താൻ ഇത്തരത്തിലുള്ള തത്കാല പരിഹാര നടപടികൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : kodikkunnil suresh criticizes congress leadership
















