ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ അല്‍-ഫലാഹ് യൂണിവേഴ്സിറ്റിക്ക് മേല്‍ നീരീക്ഷണം ശക്തമാക്കുന്നു. ഹരിയാനയിലെ ഹരീദാബാദിലെ ഈ സര്‍വകലാശാലയുടെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് (എഐയു) അംഗത്വം റദ്ദാക്കി. മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഐയു നടപടി. ഔദ്യോഗിക വെബ്സൈറ്റ് ഉള്‍പ്പെടെ എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും എഐയുവിന്റെ ലോഗോ ഉള്‍പ്പെടെ നീക്കം ചെയ്യാന്‍ സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ചു.
ഇതിന് പിന്നാലെ, നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) അല്‍-ഫലാഹ് യൂണിവേഴ്സിറ്റിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നാക് അക്രഡിറ്റേഷന്‍ വ്യാജമായി അവകാശപ്പെട്ടെന്ന കണ്ടെത്തിലാണ് നോട്ടീസ്. ‘സര്‍വകലാശാലയ്ക്ക് നാക് അംഗീകാരം ലഭിക്കുകയോ അപേക്ഷിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (നാക് ‘എ’ ഗ്രേഡ്), അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (നാക് ‘എ’ ഗ്രേഡ്) അംഗീകാരമുണ്ടെന്ന് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്,’ എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതിനിടെ, അല്‍ ഫലാഹ് സര്‍വകലാശാലയുടെ സാമ്പത്തിക സ്രോതസ്സുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഡല്‍ഹി സ്‌ഫോടനക്കേസിലെ ഭീകരര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിച്ചെന്ന സംശയമാണ് അല്‍ ഫലാഹ് സര്‍വകലാശാലയെ വാര്‍ത്താ കേന്ദ്രമാക്കിമാറ്റിയത്. ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റിലായ ഡോ. ഷാഹിന്‍, ഡോ. മുജമ്മില്‍ ഗനായ്, ഡോ. ആദില്‍ അഹമ്മദ് റാത്തര്‍, ഡോ. അഹമ്മദ് മൊഹിയുദ്ദീന്‍ സയ്യദ് തുടങ്ങിയവര്‍ക്ക് സര്‍വകലാശാലയുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി സ്‌ഫോടനത്തിന് കാരണമായ കാര്‍ ഓടിച്ചിരുന്ന ഡോ. ഉമ്മര്‍ നബിക്കും നേരത്തെ സ്ഥാപനവുമായി ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
















