ബിഹാറിൽ വൻ വിജയം നേടിയ എൻ.ഡി.എ. സർക്കാർ രൂപീകരണത്തിലേക്ക് അതിവേഗം നീങ്ങുന്നു. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ തീയതി ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം മുന്നണി ഇന്ന് ഉന്നയിക്കും.
നിലവിലെ മുഖ്യമന്ത്രിയായ നിതീഷ് കുമാർ തന്നെയാകും പുതിയ സർക്കാരിന്റെയും തലവൻ എന്ന കാര്യത്തിൽ ഉറപ്പായി.
ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയ്ക്ക് ഉപമുഖ്യമന്ത്രി പദം ഉൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങൾ ബി.ജെ.പി. ആവശ്യപ്പെട്ടേക്കും. നിതീഷിന്റെ ആരോഗ്യം കണക്കിലെടുത്ത് ടേം വ്യവസ്ഥ സംബന്ധിച്ച ആവശ്യം ബി.ജെ.പി. ചർച്ചകളിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.
അതിനിടെ, ഇന്നലെ രാത്രി നിതീഷ് കുമാറിൻ്റെ വസതിയിലെത്തിയ ബി ജെ പി നേതാക്കൾ പ്രാഥമിക ചർച്ച തുടങ്ങിക്കഴിഞ്ഞു.
അതേസമയം അന്തിമ കണക്ക് പ്രകാരം ബി ജെ പി 89 ഉം ജെഡിയു 85 ഉം സീറ്റുകളാണ് നേടിയത്. പ്രതിപക്ഷ നിരയിൽ 25 സീറ്റ് നേടിയ ആർജെഡി മാത്രമാണ് രണ്ടക്കം കടന്നത്. കോൺഗ്രസ് 6 സീറ്റിലേക്കും ഇടത് പാർട്ടികൾ എല്ലാം ചേർന്ന് 3 സീറ്റിലേക്കും ഒതുങ്ങി.
















