ഡൽഹി–മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട് പാഞ്ഞ കാർ കുഴിയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ 15 വയസുള്ള കുട്ടിയും 60 വയസുകാരനും ഉൾപ്പെടുന്നു. അഹമ്മദാബാദ്–മുംബൈ സ്വദേശികളായ ഗുലാം റസൂല്‍, ഖാലിസ്, അബ്ദുല്‍ ഗുലാം, ഡാനിഷ് , ദുര്‍ഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.
വാഹനത്തിനുള്ളില്‍ നിന്ന് പൊലീസും നാട്ടുകാരും ചേര്‍ന്നാണ് മരിച്ചവരെ പുറത്തെടുത്തത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ലക്ഷ്മി നാരായണ്‍ പാണ്ഡെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.
വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ ഭിംപുര ഗ്രാമത്തിനടുത്ത് വെച്ചാണ് അപകടം നടന്നത്. ഡൽഹിയിൽ നിന്നും ഗുജറാത്തിലേക്ക് പോകുകയായിരുന്നു അപകടത്തിൽപ്പെട്ട വാഹനം. സി.സി.ടി.വി. ദൃശ്യങ്ങൾ പ്രകാരം ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയത്.
ഹൈവേയിൽ നിന്ന് തെന്നിമാറിയ വാഹനം മീഡിയനിലെ പുല്ലിലൂടെ പാഞ്ഞ ശേഷം വലിയ ഗർത്തത്തിലേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ വാഹനത്തിൻ്റെ മുൻഭാഗവും മേൽക്കൂരയും വേർപെട്ടു. വാഹനത്തിൻ്റെ നമ്പർപ്ലേറ്റും മറ്റ് ഭാഗങ്ങളും അപകട സ്ഥലത്തുനിന്നും വളരെ ദൂരെയായാണ് കണ്ടെത്തിയത്.
















