ഡൽഹി സ്ഫോടനം നടത്തിയ ഭീകരൻ ഡോ. ഉമർ നബിയും സംഘാംഗങ്ങളും ആശയവിനിമയത്തിനായി അതീവ രഹസ്യ മാർഗങ്ങൾ ഉപയോഗിച്ചതായി എൻ.ഐ.എ. അന്വേഷണത്തിൽ കണ്ടെത്തി. ഇ-മെയിൽ ഡ്രാഫ്റ്റ് വഴിയാണ് ഭീകരസംഘം സന്ദേശങ്ങൾ കൈമാറിയിരുന്നത്.
ഭീകര സംഘടന ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള ഡോ. ഉമർ ഉൻ നബി, അറസ്റ്റിലായ ഡോ. മുസമിൽ, ഡോ. ഷഹീൻ തുടങ്ങിയവർ ഒരേ ഇ മെയിലാണ് ഉപയോഗിച്ചിരുന്നത്. സന്ദേശങ്ങൾ അയയ്ക്കുന്നതിനു പകരം ടൈപ്പ് ചെയ്തു ഡ്രാഫ്റ്റിൽ സൂക്ഷിക്കും.
മറ്റുള്ളവർ ഇതേ ഇമെയിൽ അക്കൗണ്ടിൻറെ ഡ്രാഫ്റ്റിൽനിന്നു സന്ദേശം വായിക്കുന്ന രീതിയാണ് പിന്തുടർന്നത്. സംഘത്തിലെ എല്ലാവരും വായിച്ചയുടൻ സന്ദേശം ഡിലീറ്റ് ചെയ്യും. ഡിജിറ്റൽ തെളിവുകൾ അവശേഷിക്കാതിരിക്കാനാണിത്. ‘ത്രീമ’ എന്ന സ്വിസ് ആപ്പും ഇവർ ആശയവിനിയമത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. സംഘത്തിൻറെ തുർക്കി ബന്ധത്തിലടക്കം എൻ.ഐ.എ അന്വേഷണം തുടരുകയാണ്.
കേസിൽ അറസ്റ്റിലായ ഡോക്ടർമാരായ മുസമിൽ, ഷഹീൻ, മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ്, സായി എന്നിവരെ ദേശീയ മെഡിക്കൽ കമ്മീഷൻ പുറത്താക്കി. പേരുകൾ ദേശീയ റജിസ്റ്ററിൽനിന്ന് നീക്കിയതോടെ ഇനി ഇവർക്ക് ഡോക്ടറായി ജോലിചെയ്യാൻ അനുമതിയില്ല.
















