വടകര: മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റിന്റെ റോഡ് സുരക്ഷാ ക്യാമ്പയിന്റെ ഭാഗമായി എസ്.കെ കുട്ടോത്ത് സംവിധാനം ചെയ്ത ഹ്രസ്വചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നു. വടകര റീജ്യണൽ ട്രാൻസ്പോർട്ട് ഓഫിസും മേമുണ്ട ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് ഒരുക്കിയ ഈ ബോധവത്കരണ വീഡിയോ കാൽനട യാത്രക്കാരുടെ സുരക്ഷയെ പ്രമേയമാക്കി പുതുമയാർന്ന രീതിയിൽ അവതരിപ്പിച്ചതാണ് ശ്രദ്ധ നേടാൻ കാരണം.
മേമുണ്ട എച്ച്.എസ്.എസ്.യിലെ 88 പേരടങ്ങുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ്സും മോട്ടോർ വെഹിക്കിൾസ് വകുപ്പിലെ ഉദ്യോഗസ്ഥരും ചേർന്നാണ് ഈ ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. വർധിച്ചു വരുന്ന റോഡപകടങ്ങളും അതിന് പിന്നാലെ വരുന്ന കുടുംബ ദുരിതങ്ങളും ജീവിതത്തെ മാറ്റിമറിച്ച യാഥാർത്ഥ്യങ്ങളും കുട്ടികളിലേക്ക് എത്തിക്കുന്നതിൽ മോട്ടോർ വെഹിക്കിൾസ് ഉദ്യോഗസ്ഥർക്ക് ഈ ചിത്രത്തിലൂടെ സാധിച്ചു.
ബോധവത്കരണ ക്ലാസുകളിൽ നിന്നുള്ള പ്രചോദനമാണ് വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷയുടെ ദൗത്യം ഏറ്റെടുക്കാനുള്ള ഉത്സാഹം നൽകിയതെന്ന് സംഘാടകർ പറയുന്നു. പൊതുജനങ്ങളും വിദ്യാർത്ഥികളും റോഡിൽ പാലിക്കേണ്ട നിയമങ്ങളും സുരക്ഷാ ശീലങ്ങളും മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ലക്ഷ്യം.
ആർ.ടി.ഒ രാജേഷ് പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹ്രസ്വചിത്രം ഔദ്യോഗികമായി പ്രദർശിപ്പിച്ചു. ജോയിന്റ് ആർ.ടി.ഒ സജീഷ് പി.കെ, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ സനൽ മണപ്പള്ളി, വത്സരാജ്, രാജേഷ് കോറോട്, അസിസ്റ്റൻറ് ഇൻസ്പെക്ടർ മുഹമ്മദ് കവിരാജ്, നിതിൻ വി.ആർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
















