പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജ്യവ്യാപകമായി ഉന്നയിച്ച ‘വോട്ട് കൊള്ള’ ആരോപണത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കർണാടകയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ നാദിയ സ്വദേശി ബാപി ആദ്യയെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2023ൽ അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ വെട്ടിമാറ്റിയെന്ന കേസിലാണ് അറസ്റ്റ്.
കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ബി.ആർ പാട്ടീലിന്റെ പരാതിയിലാണ് നടപടി. ബിജെപി നേതാവിന്റെ ആവശ്യപ്രകാരം 2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ നിന്ന് ആളുകളുടെ പേര് നീക്കം ചെയ്യാനായി പ്രവർത്തിച്ചു എന്നതാണ് ഇയാൾക്കെതിരായ കുറ്റം.
ഓരോ വോട്ടും നീക്കം ചെയ്യാനുള്ള ഒടിപി ബിജെപി നേതാവിന്റെ ഡാറ്റാ സെന്ററിൽ എത്തിക്കുകയായിരുന്നു. ഇതിന് പ്രത്യേക വെബ്സൈറ്റ് ഉപയോഗിച്ചെന്നും എസ്ഐടി കണ്ടെത്തി.
പണമിടപാടിന്റെ തെളിവുകൾ കണ്ടെത്തിയ ശേഷമാണ് അറസ്റ്റ്. നിരന്തരം 700 രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതിന്റെ രേഖയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
















