തിങ്കളാഴ്ച സൗദിയിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത. സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ആണ് മുന്നറിയിപ്പ് നൽകിയത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
കനത്ത മഴക്ക് സാധ്യത ഉള്ളതിനാൽ വെള്ളപൊക്കത്തിനുള്ള സാധ്യത ഉണ്ടെന്നും താഴ്വരകളിലും അരുവികളുടെയും അടുത്ത താമസിക്കുന്നവർ മാറണം എന്നും വെള്ളകെട്ടുകളിൽ നീന്തുന്നത് ഒഴിവാക്കണം എന്നും അധികൃതർ അറിയിച്ചിരിക്കുകയാണ്. മക്കയിൽ ചെറിയ മഴക്കാണ് സാധ്യത.
കനത്ത മഴ മാത്രം ആയിരിക്കില്ലന്നും മിന്നൽ, പ്രളയം, ആലിപ്പഴം വീഴ്ച, പൊടിക്കാറ്റ് എന്നിവക്കും സാധ്യത ഉണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. റിയാദിലും തബൂക്കിലും ചെറിയ രീതിയിൽ മഴയും പൊടിക്കാറ്റും അനുഭവപ്പെടും. മദീന, അൽ ജൗഫ്, വടക്കൻ അതിർത്തി, ഹാഇൽ, അൽഖസീം, കിഴക്കൻ പ്രവിശ്യ, അൽബഹ, അസീർ, ജീസാൻ മേഖലകളിൽ മിതമായതോ കനത്തതോ ആയ മഴക്ക് സാധ്യതയുണ്ട്.
ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും നൽകുന്ന സുരക്ഷ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് സിവിൽ ഡിഫൻസ് അഭ്യർഥിച്ചു.
















