അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡര്‍ വീണുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്താന്‍ ദേശീയ പാത അതോറിറ്റി. ഓഡിറ്റിനായി സര്‍ക്കാര്‍ സ്ഥാപനമായ റൈറ്റ്സിനെ ചുമതലപ്പെടുത്തി. നിര്‍മാണത്തില്‍ ഐആര്‍സി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് വിദഗ്ധസമിതി കണ്ടെത്തിയിതിനെ തുടര്‍ന്നാണ് ഓഡിറ്റ് നടത്താന്‍ NHAI തീരുമാനിച്ചത്.
അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ചന്തിരൂരില്‍ പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണാണ് പിക്കപ് വാനിന്റെ ഡ്രൈവർ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചത്. തമിഴ്നാട്ടില്‍ നിന്നും മുട്ട കയറ്റി വന്ന രാജേഷ് എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.
വാഹനത്തിന് മുകളിലേക്ക് രണ്ട് ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
അതേസമയം അപകടത്തിൽ സ്വതന്ത്രമായി സുതാര്യമായ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയോട് ശശി തരൂർ എംപി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ദേശീയപാത അതോറിറ്റിയ്ക്കും കരാറുകാരനുമുള്ള ഉത്തരവാദിത്തം വ്യക്തമാക്കണം. മരണപ്പെട്ട 48കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഇത്തരം അപകടം നിറഞ്ഞ ജോലികൾ ചെയ്യേണ്ടുന്ന സമയത്തിനും ക്രമം വരുത്തണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു.
















