കൊല്ലം ജില്ലയുടെ, പ്രത്യേകിച്ച് ചവറ മണ്ഡലത്തിന്റെ ടൂറിസം വികസനത്തിന് വൻ സാധ്യതകൾ തുറന്ന്, സംസ്ഥാനത്തെ ആദ്യത്തെ ഓഷ്യനേറിയം യാഥാർത്ഥ്യമാകുന്നു. മരുത്തടി – തിരുമുല്ലവാരം തീരത്ത് 15 ഏക്കർ സ്ഥലത്താണ് 300 കോടി രൂപ ചെലവിൽ ഈ ബൃഹദ് പദ്ധതി ഉയരുന്നത്. കടലിന്റെ അതുല്യമായ സൗന്ദര്യം അടുത്തറിയാനും, കടലിനടിയിലെ വിസ്മയിപ്പിക്കുന്ന ജീവജാലങ്ങളെ കണ്ട് മനസ്സിലാക്കാനും അവസരമൊരുക്കുന്നതാണ് ഈ ഓഷ്യനേറിയം.
ഓഷ്യനേറിയവും അതോടൊപ്പം സ്ഥാപിക്കുന്ന മറൈൻ ബയോളജിക്കൽ മ്യൂസിയവും ഉൾപ്പെടുന്ന ഈ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി സർക്കാർ ആദ്യഘട്ടമായി 10 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഈ സുപ്രധാന പദ്ധതി പ്രഖ്യാപിച്ചത്. സ്ഥലമേറ്റെടുക്കൽ, വിശദമായ പരിസ്ഥിതി ആഘാത പഠനം, സാമൂഹ്യ–സാമ്പത്തിക സാധ്യതാ പഠനം നടത്തൽ, ടെൻഡർ നടപടികൾ പൂർത്തിയാക്കൽ, മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ഈ പ്രാരംഭ ഫണ്ടിംഗ് ഉപയോഗിക്കുക.
ചരിത്രപരമായ വാണിജ്യ പ്രാധാന്യമുള്ള കൊല്ലം പൗരാണിക കാലം മുതൽക്കേ ചൈനീസ്, അറബ്, പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് വ്യാപാരികളുമായി കച്ചവട ബന്ധം സ്ഥാപിച്ചിരുന്ന കേന്ദ്രമാണ്. അതിന്റെ ഭാഗമായിരുന്നു ചവറയും. ഈ സമ്പന്നമായ വാണിജ്യ ചരിത്രവും ചവറയുടെ പങ്കും വ്യക്തമാക്കുന്നതായിരിക്കും ഓഷ്യനേറിയത്തിന്റെ ഭാഗമായുള്ള മറൈൻ ബയോളജിക്കൽ മ്യൂസിയം. ടൂറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴി തുറക്കുന്ന ഈ ഓഷ്യനേറിയം ആഭ്യന്തര ടൂറിസ്റ്റുകളെ കൂടാതെ വിദേശ ടൂറിസ്റ്റുകളെയും ആകർഷിക്കുമെന്നാണ് പ്രതീക്ഷ.
















