തിരുവനന്തപുരത്തു മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റിന് ലൈക്കടിക്കുകയും കമന്റിടുകയും ചെയ്തതിന് സിപിഎം സ്ഥാനാർഥിത്വം നിഷേധിച്ച വെക്തി സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്നു. സിപിഎം നേതാവും പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ആയിരുന്ന മുത്തിപ്പാറ ബി.ശ്രീകണ്ഠൻ ആണ് വെഞ്ഞാറമൂട്ടിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
വെഞ്ഞാറമൂട് പുല്ലമ്പാറ മുത്തിപാറ വാർഡിൽ സിപിഎം സ്ഥാനാർഥിയായി മത്സരിക്കാനിറങ്ങി മൂന്നു ദിവസം പ്രചാരണം നടത്തിയതിനു ശേഷമാണ് ശ്രീകണ്ഠനെ ഒഴിവാക്കിയത്. പോസ്റ്ററുകൾ ഉൾപ്പെടെ അടിച്ച് പ്രചാരണം വരെ നടത്തിയിരുന്നു. കൂടാതെ ഏരിയ കമ്മിറ്റികളുടെ തീരുമാന പ്രകാരം മുത്തിപ്പാറ വാർഡിൽ 3 ദിവസം ശ്രീകണ്ഠൻ വോട്ട് അഭ്യർഥിച്ച് ഭവന സന്ദർശനവും നടത്തിയിരുന്നു.എന്നിട്ടും തന്നെ പുറത്താക്കിയതോടെയാണ് സിപിഎം ലോക്കൽ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച സ്വതന്ത്രനായി മത്സരിക്കാൻ മണികണ്ഠൻ തയാറായത്.
പുല്ലമ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറി, 2015ൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സിഐടിയു മേഖലാ സെക്രട്ടറി, ഫിനീക്‌സ് ഗ്രന്ഥശാല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബി.ശ്രീകണ്ഠൻ നിലവിൽ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ആണ്. ഈ വർഷത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് മുത്തിപ്പാറ വാർഡിൽ നിന്നും സിപിഎം സ്ഥാനാർഥി ആയി മത്സരിക്കുന്നതിന് ആയി തീരുമാനിക്കുകയും അതിനായി ജില്ലാ കമ്മറ്റിക്ക് കത്തയക്കുകയും ചെയ്തിരുന്നു. എന്നാൽ ജില്ലാ കമ്മറ്റി മണികണ്ഠന്റെ പേര് നീക്കം ചെയ്ത മറ്റൊരാളെ നിയമിക്കുകയായിരുന്നു.
സാമൂഹിക മാധ്യമത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വന്ന പോസ്റ്റിൽ അനുകൂല നിലപാട് സ്വീകരിച്ച് കമന്റ് രേഖപ്പെടുത്തിയ ആളിനെ സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിനു പരാതി ലഭിച്ചതിനെത്തുടർന്നാണ് ജില്ലാ കമ്മിറ്റി ഇയാളുടെ സ്ഥാനാർഥിത്വം ഒഴിവാക്കാൻ നിർദേശം നൽകിയതെന്നാണ് വിവരം. അതേസമയം ശ്രീകണ്ഠൻ രണ്ടു തവണ പഞ്ചായത്തിൽ മത്സരിച്ചിരുന്നെന്നും ഇത് മൂന്നാം തവണയാണ് മത്സരിക്കുന്നതെന്നും ഇത്തവണ മത്സരിക്കുന്നതിൽ നിന്നും മാറി നിൽക്കാൻ മാത്രമാണ് നിർദേശം നൽകിയതെന്നും സിപിഎം ഏരിയാ സെക്രട്ടറി ഇ.എ.സലിം പറഞ്ഞു.
















