ശബരിമല സ്വർണക്കൊള്ള വിവാദം കത്തിനിൽക്കുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ ഭരണസമിതി ഇന്ന് ചുമതലയേറ്റു. മുൻ ചീഫ് സെക്രട്ടറിയായിരുന്ന കെ. ജയകുമാർ പുതിയ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തു. മുൻ മന്ത്രി കെ. രാജു ദേവസ്വം ബോർഡ് അംഗമായും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ദേവസ്വം ബോർഡ് ആസ്ഥാനത്ത് വെച്ചാണ് പുതിയ പ്രസിഡൻ്റും അംഗവും സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് വർഷത്തേക്കാണ് കെ ജയകുമാറിന്‍റെ കാലാവധി.
പ്രസിഡൻ്റായിരുന്ന പി. എസ്. പ്രശാന്തും അംഗം എ. അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. സ്വർണക്കൊള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുൻ ഭരണസമിതിയുടെ യാത്രയയപ്പ് സമ്മേളനം ഒഴിവാക്കിയിരുന്നു.
ചീഫ് സെക്രട്ടറിയായിരുന്ന കെ ജയകുമാര്‍ വിരമിച്ച ശേഷം അഞ്ച് വര്‍ഷം മലയാളം സര്‍വകലാശാല വിസിയായിരുന്നു. നിലവില്‍ ഐഎംജി ഡയറക്ടറായി തുടരവെയാണ് പുതിയ പദവി. ഒന്നാം പിണറായി സർക്കാരിൽ വനം മന്ത്രിയായിരുന്നു കെ രാജു.
















