വായ്പ കൊടുത്ത പണം തിരികെ ചോദിച്ച വയോധികനെ ശ്വാസം മുട്ടിച്ച് കൊന്നു. സംഭവത്തിൽ പരാശിവമൂർത്തി, സിദ്ധരാജു, മഹേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാമരാജ് നഗർ സ്വദേശി സ്വാമി (72) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ഗുണ്ടൽപേട്ടിനു സമീപം കാമരള്ളിയിൽ വഴിയരികിൽ കണ്ടെത്തുകയായിരുന്നു.
പ്രതികൾ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ്. പ്രദേശവാസികളിൽ ചിലരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പിന്നാലെ മൂവരും കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവം ഇങ്ങനെ :
പ്രതികളിലൊരാളായ പരാശിവമൂർത്തി, കൊല്ലപ്പെട്ട സ്വാമിയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. പല തവണ തിരികെ ചോദിച്ചെങ്കിലും കൊടുക്കാൻ ഇയാൾ തയാറായില്ല. വീണ്ടും സ്വാമി പണം ചോദിച്ച് സമ്മർദം ചെലുത്തി. ഇതിൽ പ്രകോപിതനായ പരാശിവമൂർത്തി, സുഹൃത്തുക്കളുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തു.
കടം വാങ്ങിയ പണം തിരികെ കൊടുക്കാമെന്നു പറഞ്ഞ് ഇവർ സ്വാമിയെ വിളിച്ചുവരുത്തി. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി കഴുത്തിൽ തുണി മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
















