കൂത്താട്ടുകുളം കാക്കൂരിൽ ഭർത്താവും അമ്മായിയമ്മയും വീട്ടിൽനിന്ന് ഇറക്കിവിട്ട അമ്മയ്ക്കും 11 വയസ്സുള്ള മകനും കഴിഞ്ഞ രണ്ടു മാസക്കാലം അഭയം തേടേണ്ടിവന്നത് ഒരു റബർ തോട്ടത്തിലെ വിറകുപുരയിൽ. ഭിത്തികളില്ലാതെ, നാല് തൂണുകളിൽ മാത്രം നിലനിന്നിരുന്ന ഈ വിറകുപുരയിലായിരുന്നു ഇരുവരുടെയും ദുരിത ജീവിതം. കാടുമൂടിയ വഴിയിലൂടെ വേണം ഇവിടെയെത്താൻ. ഭർത്താവിന്റെ സംശയമാണ് കുടുംബവഴക്കിനും ഇവരെ പുറത്താക്കുന്നതിനും കാരണമായതെന്ന് പോലീസ് വ്യക്തമാക്കുന്നു.
അമ്മ ജോലിക്ക് പോയി വൈകിട്ട് തിരിച്ചെത്തുമ്പോൾ വാങ്ങിക്കൊണ്ടു വരുന്ന ഭക്ഷണം മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് ഇവർ കഴിച്ചിരുന്നത്. പകൽ സമയങ്ങളിൽ കുട്ടി ട്യൂഷൻ ക്ലാസിലോ അയൽപക്കത്തെ വീടുകളിലോ ഇരിക്കും. അമ്മ എത്തുമ്പോൾ ഇരുവരും വിറകുപുരയിലെത്തി ഭക്ഷണം കഴിച്ച് അവിടെത്തന്നെ കിടന്നുറങ്ങും. കുട്ടിയുടെ സ്കൂൾ ബാഗിൽ സ്ഥിരമായി കണ്ടിരുന്ന ജ്യൂസ് കുപ്പികളാണ് സംഭവം പുറത്തറിയാൻ കാരണമായത്. രാവിലത്തെ ഭക്ഷണം കഴിക്കാൻ അമ്മ നൽകുന്ന പണം ഉപയോഗിച്ച് കുട്ടി ജ്യൂസ് വാങ്ങി കുടിക്കുകയായിരുന്നു പതിവ്. ഉച്ചഭക്ഷണം സ്കൂളിൽ നിന്ന് ലഭിച്ചിരുന്നു.
ജ്യൂസ് കുപ്പികളെക്കുറിച്ച് അധ്യാപകൻ ചോദിച്ചപ്പോഴാണ് കുട്ടിയുടെ ദുരിത ജീവിതം പുറത്തറിഞ്ഞത്. തുടർന്ന് അധ്യാപകർ കാക്കൂരിലെ വീട്ടിലെത്തി വിവരങ്ങൾ മനസ്സിലാക്കിയ ശേഷം പോലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നൽകി. ഇതോടെയാണ് സംഭവം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ വന്നത്. ഇന്നലെ രാത്രി കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തി അമ്മയെയും കുട്ടിയെയും വീട്ടിൽ തിരികെ കയറ്റി. ഇവരെ താമസിപ്പിച്ച വിറകുപുര പൊളിച്ചു നീക്കണമെന്നും, അമ്മയ്ക്കും കുട്ടിക്കും ആവശ്യമായ താമസ സൗകര്യവും ഭക്ഷണവും നൽകണമെന്നും പോലീസ് വീട്ടുകാർക്ക് കർശന നിർദേശം നൽകി. ശിശുക്ഷേമ സമിതി അധികൃതർ സ്കൂളിലെത്തി കുട്ടിയുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
















