ചെന്നൈ: സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ സാമൂഹിക മാധ്യമ പേജുകളിലൂടെ ആണ് ഇക്കാര്യം പങ്കുവെച്ചത്. സിഎസ്‌കെയുടെ ജഴ്‌സിയണിഞ്ഞ സഞ്ജുവിന്റെ ചിത്രം ‘ഇല്ലുമ്മിനാറ്റി’ എന്ന പട്ടോടെ പോസ്റ്റ് ചെയ്ത് ‘വണക്കം സഞ്ജു’ എന്ന കുറിപ്പോടെയാണ് ടീം താരത്തെ വരവേറ്റത്.
രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ രാജസ്ഥാനും വിട്ടുകൊടുത്തു. ചെന്നൈയില്‍ സഞ്ജുവിന്റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയേക്കില്ല. റുതുരാജ് ഗെയ്കവാദാണ് നിലവില്‍ ടീമിനെ നയിക്കുന്നത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
മൂവരും ധാരാണാപത്രത്തില്‍ രണ്ട് ദിവസം മുമ്പ് ഒപ്പുവച്ചിരുന്നു. നേരത്തെ, കറനെ ഉള്‍പ്പെടുന്നതില്‍ രാജസ്ഥാന് സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് രാജസ്ഥാന്‍ അറിയിച്ചു. സഞ്ജുവിന് പകരം രാജസ്ഥാനെ രവീന്ദ്ര ജഡേജ നയിക്കുമെന്നാണ് അറിയുന്നത്. നായകസ്ഥാനം നല്‍കാമെന്ന ഉറപ്പിന്മേലാണ് ജഡേജ തന്റെ ആദ്യ ക്ലബായ രാജസ്ഥാനിലെത്തുന്നത്. ഒരു സീസണില്‍ ജഡേജ, ചെന്നൈയെ നയിച്ചിട്ടുണ്ട്. എന്നാല്‍ ടീം പരാജയമറിഞ്ഞ് തുടങ്ങിയതോടെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.
പിന്നീട് ധോണി നായകസ്ഥാനം ഏറ്റെടുത്തു. കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്കേറ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ നായകനായത് റിയാന്‍ പരാഗ് ആയിരുന്നു. എന്നാല്‍ സഞ്ജു ടീം വിട്ടാല്‍ ടീമിന്റെ അടുത്ത നായകനായി റിയാന്‍ പരാഗിനെ പരിഗണിക്കാനിടയില്ലെന്നാണ് നിലവിലെ സൂചന. പകരം ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനോ ധ്രുവ് ജുറെലിനോ ആകും രാജസ്ഥാന്‍ നായകസ്ഥാനത്തേക്ക് ആദ്യ പരിഗണന നല്‍കുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
സാം കറനെ ഉള്‍പ്പെടുത്തുന്നതില്‍ രാജസ്ഥാന് ഓവര്‍സീസ് ക്വാട്ട ഒരു പ്രശ്നമായിരുന്നു. നിലവിലെ വിദേശ താരങ്ങളില്‍ ഒരാളെ ഒഴിവാക്കാതെ ഇംഗ്ലണ്ട് ഓള്‍റൗണ്ടറായ സാം കറനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ രാജസ്ഥാന് കഴിയുമായിരുന്നില്ല. സാം കറന്റെ പ്രതിഫലവും കരാറിന് തടസ്സമായിരുന്നു. ചെന്നൈയില്‍ 2.4 കോടി രൂപയാണ് കറന്റെ പ്രതിഫലം. രാജസ്ഥാന്‍ ആരെ ഒഴിവാക്കിയെന്നുള്ള കാര്യം ഇന്നറിയാം.
















