ദുൽഖർ സൽമാൻ നായകനായെത്തിയ ‘കാന്ത’യ്ക്ക് ബോക്സ് ഓഫീസിലും നിരൂപകരുടെ ഇടയിലും വൻ വിജയമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സെൽവമണി സെൽവരാജ് രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം ആദ്യദിനം 10.5 കോടി രൂപയുടെ ആഗോള ഗ്രോസ് നേടി ദുൽഖർ സൽമാൻ്റെ കരിയറിലെ മികച്ച ഓപ്പണിംഗുകളിൽ ഒന്നായി മാറി.
വലിയ പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ചിത്രം ഒരു ‘സിനിമാ വിസ്മയം’ ആണെന്നും കാലങ്ങൾ കഴിഞ്ഞാലും ക്ലാസിക്കായി നിലനിൽക്കുമെന്നുമാണ് പൊതുവെയുള്ള പ്രേക്ഷക പ്രതികരണം. നടിപ്പ് ചക്രവർത്തി ടി.കെ. മഹാദേവനായി ദുൽഖർ സൽമാൻ കാഴ്ചവെച്ചത് കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണെന്നും, അത് ദേശീയ പുരസ്‌കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ നേടാൻ സാധ്യതയുണ്ടെന്നും നിരൂപകർ വിലയിരുത്തുന്നു.
സാങ്കേതികമായി ഉയർന്ന നിലവാരം, മനസ്സിൽ തൊടുന്ന മനോഹരമായ കഥ പറച്ചിൽ, ദുൽഖർ സൽമാനൊപ്പം ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി, റാണ ദഗ്ഗുബട്ടി എന്നിവരുടെ ഗംഭീര പ്രകടനങ്ങൾ എന്നിവയെല്ലാം ചിത്രത്തെ തമിഴ് സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി അടയാളപ്പെടുത്തുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 1950 കാലഘട്ടത്തിലെ മദ്രാസിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള ‘കാന്ത’ എല്ലാത്തരം പ്രേക്ഷകർക്കും മികച്ച തിയേറ്റർ അനുഭവം സമ്മാനിച്ചുകൊണ്ടാണ് വിജയത്തിലേക്ക് കുതിക്കുന്നത്.
















