അമേരിക്കൻ രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു വഴിത്തിരിവായി, ‘മാഗ’ (Make America Great Again) പ്രസ്ഥാനത്തിലെ പ്രധാനികളിലൊരാളായിരുന്ന കോൺഗ്രസ് അംഗം മാർജറി ടെയ്‌ലർ ഗ്രീനിനുള്ള പിന്തുണ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചു. ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്ര വലതുപക്ഷ നിലപാടുകൾകൊണ്ട് ശ്രദ്ധേയയായ ഗ്രീനിനെ ട്രംപ് “വെളിവില്ലാത്ത വിഡ്ഢി” എന്ന് വിശേഷിപ്പിക്കുകയും, “എല്ലാ കാര്യത്തിലും പരാതി പറയുന്ന സ്ത്രീ”യായി കാണുന്നുവെന്നും കൂട്ടിച്ചേർത്തു. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെ, ട്രംപ് ജെഫ്രി എപ്‌സ്റ്റൈൻ വിവാദത്തിലും ജീവിതച്ചെലവ് വിഷയങ്ങളിലും കടുത്ത വിമർശനം നേരിടുന്നതിനിടയിലാണ് ഈ വേർപിരിയൽ എന്നത് ശ്രദ്ധേയമാണ്.
ട്രംപിൻ്റെ ഈ നീക്കം, റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതയുടെ സൂചന നൽകുന്നുണ്ട്. ഗ്രീനിൻ്റെ സംസ്ഥാനമായ ജോർജിയയിൽ അവർക്കെതിരെ മത്സരിക്കുന്നവരെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും, അവിടുത്തെ ജനങ്ങൾക്ക് മാർജറിയെ മടുത്തുവെന്നും ട്രംപ് പ്രസ്താവിച്ചു. മാർജറി തീവ്ര ഇടതുപക്ഷ നിലപാടുകളിലേക്ക് മാറിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
താനിനി ട്രംപിനെ ആരാധിക്കുകയോ സേവിക്കുകയോ ചെയ്യില്ലെന്ന് പറഞ്ഞുകൊണ്ട് ഗ്രീൻ ഉടൻ തന്നെ പ്രതികരിച്ചു. എപ്‌സ്റ്റൈൻ അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടാനുള്ള തൻ്റെ നീക്കത്തെ പിന്തുണയ്ക്കാത്തതിനാലാണ് ട്രംപ് തന്നെ ആക്രമിക്കുന്നതെന്നും, ഇത് പാർട്ടിക്കാർക്കുള്ള മുന്നറിയിപ്പാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇരുവരും തമ്മിലുള്ള ബന്ധം വഷളായത് അടുത്തിടെയായിട്ടാണ്. മുൻപ് ട്രംപിന്റെ കടുത്ത ആരാധികയായിരുന്ന 51-കാരിയായ മാർജറി, ട്രംപ് കോൺഗ്രസിനെ അഭിസംബോധന ചെയ്തപ്പോൾ “ട്രംപ് പറയുന്നതെല്ലാം ശരി” എന്ന് എഴുതിയ തൊപ്പി ധരിച്ച് വരെ പിന്തുണ അറിയിച്ചിരുന്നു. എന്നാൽ, ഗാസയിലെ ഇസ്രയേൽ യുദ്ധത്തെ ‘വംശഹത്യ’ എന്ന് വിശേഷിപ്പിച്ച ഗ്രീനിൻ്റെ പ്രസ്താവനയോടെയാണ് ഇരുവരും തമ്മിൽ തെറ്റുന്നത്. ആരോഗ്യ സംരക്ഷണം, ജീവിതച്ചെലവ് തുടങ്ങിയ വിഷയങ്ങളിലും ഗ്രീൻ ട്രംപിനെ വിമർശിച്ചു. വിദേശനയങ്ങൾക്കും സമാധാന കരാറുകൾക്കും പകരം ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവർ ട്രംപിനോട് ആവശ്യപ്പെട്ടത്.
















