രാജ്യത്തെ ഹരിത ഗതാഗത രംഗത്ത് നൽകിയ മികച്ച സംഭാവനകൾക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (KMRL) ദേശീയ പുരസ്‌കാരം. കേന്ദ്ര ഭവന നഗര കാര്യവകുപ്പ് ഏർപ്പെടുത്തിയ ‘സിറ്റി വിത്ത് ബെസ്റ്റ് ഗ്രീൻ ട്രാൻസ്പോർട്ട് ഇനിഷ്യേറ്റീവ്’ അവാർഡാണ് കൊച്ചി മെട്രോ സ്വന്തമാക്കിയത്. ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിനിടെ കേന്ദ്ര ഭവന നഗരകാര്യവകുപ്പ് മന്ത്രി മനോഹർ ലാലിൽ നിന്നും കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ, ഡയറക്ടർമാരായ സഞ്ജയ്കുമാർ, ഡോ. എം.പി രാംനവാസ് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
’മെഗാ ഗ്രീൻ എനർജി പ്രോജക്ട്സ് പവറിംഗ് കൊച്ചിസ് ട്രാൻസ്പോർട്ട് സെക്ടർ’ എന്ന പദ്ധതിയിലൂടെ സുസ്ഥിര വളർച്ചയിൽ കൊച്ചി നഗരം കൈവരിച്ച നേട്ടങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL), കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് എന്നിവയുടെ സംയുക്തമായ ഈ പദ്ധതി, കൊച്ചിയെ സംയോജിതവും പരിസ്ഥിതി സൗഹൃദവുമായ നഗര ഗതാഗതത്തിൻ്റെ ദേശീയ മാതൃകയാക്കി മാറ്റുകയാണ്. ഇന്ത്യയിൽ വായു, കര, റെയിൽ, ജലം എന്നീ നാല് സംഘടിത ഗതാഗത സംവിധാനങ്ങളും ഹരിത ഊർജത്തെ അടിസ്ഥാനമാക്കി സമന്വയത്തോടെ പ്രവർത്തിക്കുന്ന ഏക നഗരമായി കൊച്ചി ഇതോടെ മാറി.
നിലവിൽ കൊച്ചി മെട്രോ സ്വന്തം ഊർജ്ജാവശ്യങ്ങളുടെ 53 ശതമാനവും സൗരോർജ വൈദ്യുതിയിലൂടെയാണ് നിറവേറ്റുന്നത്. 2028-ഓടെ പൂർണ്ണമായും സൗരോർജത്തിലേക്ക് മാറുകയാണ് മെട്രോയുടെ ലക്ഷ്യം. മെട്രോ സ്റ്റേഷനുകൾക്ക് മുകളിലും പാതകളിലുമായി സജ്ജീകരിച്ചിട്ടുള്ള സോളാർ പാനലുകൾ വഴി പ്രതിവർഷം 13,000 ടണ്ണിലധികം കാർബൺ വിസർജനം കുറയ്ക്കാൻ സാധിക്കുന്നുണ്ട്. ഇത് അഞ്ച് ലക്ഷം വൃക്ഷങ്ങൾ നടുന്നതിന് തുല്യമാണ്. കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസുകളും ഇ-ഓട്ടോകളും വാട്ടർ മെട്രോ ഇലക്ട്രിക് ബോട്ടുകളും നഗരത്തിലെ ലാസ്റ്റ് മൈൽ കണക്റ്റിവിറ്റിയെ കൂടുതൽ ശുദ്ധവും സുരക്ഷിതവുമാക്കുന്നു.
പൂർണ്ണമായും സൗരോർജ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമായ സിയാൽ, 55 മെഗാവാട്ട് വൈദ്യുതി സോളാർ-ഹൈഡ്രോ സംയോജനത്തിലൂടെ ഉൽപ്പാദിപ്പിച്ചുകൊണ്ട് ഹരിത ഊർജ വ്യാപനത്തിന് കരുത്തേകുന്നു. കൊച്ചി മെട്രോയും സിയാലും ചേർന്ന് പ്രതിവർഷം 66.33 മെഗാവാട്ട് ഹരിത ഇന്ധനം ഉൽപ്പാദിപ്പിക്കുകയും, 62,000 ടണ്ണിലധികം കാർബൺ എമിഷൻ കുറയ്ക്കുകയും ചെയ്യുന്നു. വൻതോതിലുള്ള വൃക്ഷതൈ നടീൽ, ട്രെയിൻ ശുചീകരണത്തിനായി പുറന്തള്ളുന്ന വെള്ളത്തിന്റെ 80 ശതമാനം വരെ ശുദ്ധീകരിക്കുന്ന ജലശുദ്ധീകരണ സംവിധാനം, സ്റ്റേഷനുകളിലെ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റുകൾ, സോളാർ പാനലുകൾക്ക് കീഴിലെ ജൈവ പച്ചക്കറി കൃഷി തുടങ്ങിയ ഹരിത പ്രവർത്തനങ്ങൾ പുരസ്‌കാരത്തിനായി പരിഗണിച്ചു. കൊച്ചിയെ ശുചിത്വവും ഹരിതവുമായ നഗരമാക്കി മാറ്റുന്നതിൽ ജനങ്ങളുടെ കൂട്ടായ പരിശ്രമത്തെയും ജാഗ്രതയെയും ലോക്നാഥ് ബെഹ്റ അഭിനന്ദിച്ചു.
















