പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ പൃഥ്വിരാജ് സുകുമാരൻ നടത്തിയ പ്രസംഗം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ വിമർശനങ്ങളെ ഏങ്ങനെ നേരിട്ടുന്നു എന്ന ചോദ്യത്തിനുള്ള നടൻ നൽകിയ മറുപടിയാണ് വൈറൽ ആയത്. തന്നെ വളർത്തിയത് മലയാള സിനിമാ പ്രേക്ഷകരാണെന്നും അതിനാൽ വിമർശിക്കാനുള്ള പൂർണ അവകാശവും അവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘‘എന്നെ വളർത്തിയത് നിങ്ങളാണ്. അതുകൊണ്ട് എന്നെ വിമർശിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്. എന്റെ സിനിമ റിലീസുമായി ബന്ധപ്പെട്ട് ഞാൻ ഇന്നിവിടെ ലുലു മാളിൽ വരുമ്പോൾ ഇത്രയും ജനം ഇവിടെ കൂടി നിൽക്കുന്നത് എന്നോടുള്ള സ്നേഹവും പ്രതീക്ഷയും കാരണമല്ലേ. അപ്പോൾ എന്നെ വിമർശിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്. ഞാൻ മോശമായാൽ മോശമാണെന്ന് പറയാനും എന്നിലെ തെറ്റുകുറ്റങ്ങൾ ചൂണ്ടി കാണിക്കാനും ഏറ്റവും കൂടുതൽ അവകാശമുള്ളത് എന്നെ വളർത്തിയ മലയാള സിനിമാ പ്രേക്ഷകർക്ക് തന്നെയാണ്. അതുകൊണ്ട് എല്ലാ വിമർശങ്ങളും ഞാൻ ബഹുമാനത്തോടെ തന്നെ എടുക്കുന്നു,’’ പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജിന്റെ ഈ വാക്കുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ പക്വതയുള്ള സമീപനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ പോസ്റ്റുകൾ പങ്കുവച്ചു. “വിവേകത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യാൻ ഈ ജനറേഷനിലെ നടന്മാർക്ക് പറ്റും. വിജയവും തോൽവിയും ഗംഭീരമായിട്ട് കണ്ട് കേറി വന്നതിന്റെ വിവേകമാണത്. പ്രേക്ഷകരുടെ പൾസ് അറിയണം, അതറിഞ്ഞ് ഉത്തരം പറഞ്ഞാൽ ദേ ഇങ്ങനിരിക്കും,” എന്നായിരുന്നു ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്.
തുടക്കകാലം മുതൽ തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ വിമർശന ശരങ്ങൾ ഏറ്റുവാങ്ങിയ താരമാണ് പൃഥ്വിരാജ്. തന്റെ പ്രസ്താവനകളുടെ പേരിലും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിന്റെ പേരിലും അഹങ്കാരി എന്ന പരിവേഷം വരെ അദ്ദേഹത്തിന് ചാർത്തിക്കിട്ടി. എന്നാൽ ഈ വിമർശനങ്ങളെ സ്വന്തം പ്രയത്നം കൊണ്ടും നിരന്തരമായ സിനിമാപരമായ മുന്നേറ്റം കൊണ്ടും പൃഥ്വിരാജ് മറികടക്കുകയായിരുന്നു. ഒരു അഭിനേതാവെന്ന നിലയിലും പിന്നീട് സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചുകൊണ്ട് തനിക്കെതിരെ ഉയർന്ന കടുത്ത വിമർശനങ്ങളെപ്പോലും വിനയത്തോടെ അംഗീകരിക്കാനും അതിജീവിച്ച് വിജയിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇത്രയധികം വിമർശനങ്ങളിലൂടെ കടന്നുപോയതിന്റെ പക്വതയാണ് ഇന്നത്തെ പൃഥ്വിരാജിന്റെ വാക്കുകളിൽ തെളിയുന്നതെന്ന് പ്രേക്ഷകർ പറയുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ ആഘോഷിക്കുകയാണ് ആരാധകർ.
















