തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ മുട്ടട വാർഡിലെ കോൺഗ്രസിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി വൈഷ്ണ സുരേഷിൻ്റെ പേര് സപ്ലിമെന്ററി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തത് വിവാദമാകുന്നു. സിപിഎം നൽകിയ പരാതി അംഗീകരിച്ചാണ് നടപടി. കൗൺസിലിലേക്ക് മത്സരിക്കുന്നതിന് കോർപറേഷനിലെ ഏതെങ്കിലും ഒരു വാർഡിലെ വോട്ടർപട്ടികയിൽ പേര് ഉണ്ടായിരിക്കണം എന്ന ചട്ടം നിലനിൽക്കെ, പേര് നീക്കം ചെയ്തത് വൈഷ്ണയ്ക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കി. പട്ടിക ആവശ്യപ്പെട്ടുള്ള വൈഷ്ണയുടെ അപേക്ഷയും സിപിഎമ്മിന്റെ പരാതിയും പരിഗണിച്ച ശേഷമാണ് അധികൃതർ തീരുമാനം എടുത്തത്. ഇതിനെതിരെ അപ്പീൽ നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം.
വോട്ടർപട്ടികയ്ക്കായുള്ള അപേക്ഷയിൽ വൈഷ്ണ രേഖപ്പെടുത്തിയ കെട്ടിടത്തിൻ്റെ ടിസി നമ്പർ 18/ 564 തെറ്റാണെന്നും, ഈ വിലാസത്തിൽ താമസിക്കുന്നവരുമായി വൈഷ്ണക്ക് ബന്ധമില്ലെന്നും സിപിഎം പരാതിയിൽ ആരോപിച്ചു. എന്നാൽ താൻ നിലവിൽ താമസിക്കുന്ന വീടിൻ്റെ നമ്പർ ടിസി 18/ 2365 ആണെന്നും, വോട്ടർപട്ടികയിൽ പേരിനൊപ്പം ചേർന്നിരിക്കുന്ന നമ്പറിലാണ് അപേക്ഷ നൽകിയതെന്നുമാണ് വൈഷ്ണയുടെ വിശദീകരണം. അമ്പലമുക്ക് വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന വൈഷ്ണയുടെ പിതാവിൻ്റെ കുടുംബവീട് മുട്ടട വാർഡിലാണ്. ഈ മേൽവിലാസം തന്നെയാണ് തൻ്റെ എല്ലാ രേഖകളിലുമുള്ളതെന്നും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതേ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
വീട്ടുനമ്പർ മാറി രേഖപ്പെടുത്തിയതിനാൽ യഥാർഥ നമ്പർ 18/2365 ആണെന്നുള്ള സത്യവാങ്മൂലം തിരഞ്ഞെടുപ്പ് സെല്ലിലെ ഉദ്യോഗസ്ഥർ കൈപ്പറ്റാൻ തയ്യാറായില്ലെന്നും, തുടർന്ന് സ്പീഡ് പോസ്റ്റ് വഴി അപേക്ഷ അയയ്ക്കുകയായിരുന്നെന്നും വൈഷ്ണ പരാതി ഉന്നയിക്കുന്നു. നിലവിലെ കൗൺസിലറായ അംശു വാമദേവൻ ആണ് മുട്ടടയിലെ എൽഡിഎഫ് സ്ഥാനാർഥി. വൈഷ്ണയുടെ പേര് പട്ടികയിൽ നിന്ന് മനഃപൂർവം ഒഴിവാക്കിയതാണോ എന്ന് സംശയിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആരോപണം.
















