ഇന്ന് എന്തിനും ഏതിനും എ.ഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നവരാണ് നമ്മൾ. ചിലർ മാനസികാരോഗ്യത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ചാറ്റ്ബോട്ടുകളെയും വെൽനസ് ആപ്ലിക്കേഷനുകളെയും ആശ്രയിക്കുന്നത് വളരെ സർവ്വസാധാരണമായിരിക്കുന്നു. എന്നാൽ വൈകാരിക പിന്തുണക്കായി ഇത്തരം ഡിജിറ്റൽ ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നത് നല്ലതല്ല.
ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ആവശ്യമായ ശാസ്ത്രീയ തെളിവുകളും നിയന്ത്രണ സുരക്ഷ നടപടികളും ഇല്ലെന്ന് മുന്നറിയിപ്പ് നൽകുകയാണ് അമേരിക്കൻ സൈക്കളോജിക്കൽ അസോസിയേഷൻ (എ.പി.എ). മാനസികാരോഗ്യ വിദഗ്ധരെ കണ്ടെത്തുന്നതിലും ചികിത്സ തേടുന്നതിലും ചെലവ് കുറവും എളുപ്പവുമാണ് ചാറ്റ് ബോട്ടുകളോടും ആപ്ലിക്കേഷനുകളോടും പരിഹാരം തേടുന്നത് എന്നതുതന്നെയാണ് കൂടുതൽ പേരും മാനസിക പിന്തുണക്കായി എ.ഐയെ ആശ്രയിക്കാൻ കാരണം. ഉപയോക്താക്കൾക്ക് പിന്തുണയും നിർദേശങ്ങളും നൽകാൻ ചാറ്റ്ബോട്ടുകൾ എളുപ്പത്തിൽ ലഭ്യമാണെന്ന് തോന്നുമെങ്കിലും, പ്രതിസന്ധി നേരിടുന്ന ഒരാളെ സുരക്ഷിതമായി നയിക്കാനുള്ള ഈ ഉപകരണങ്ങളുടെ കഴിവ് പരിമിതവും പ്രവചനാതീതവുമാണെന്ന് എ.പി.എ സി.ഇ.ഒ ആർതർ സി. ഇവാൻസ് ജൂനിയർ പറയുന്നു.
നിലവിലുള്ള എ.ഐ ചാറ്റ്ബോട്ടുകൾ ഒന്നുംതന്നെ മാനസികാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനായി രൂപപ്പെടുത്തിയതല്ല. ഈ മേഖലയിൽ വൈദഗ്ധ്യവും പ്രവൃത്തിപരിചയവുമുള്ളവരുടെ സേവനങ്ങൾക്ക് പകരം വെക്കാൻ ഈ സാങ്കേതിക വിദ്യക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ ഈ ഉപകരണങ്ങളുമായി അനാരോഗ്യകരമായ രീതിയിൽ വൈകാരികമായി അടിമപ്പെടുന്നു; പ്രത്യേകിച്ചും കുട്ടികളും കൗമാരപ്രായക്കാരും. മാത്രമല്ല, ടെക് കമ്പനികൾ പലപ്പോഴും അവരുടെ എ.ഐ മോഡലുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നോ സെൻസിറ്റിവ് ഉപയോക്തൃ ഡേറ്റ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നോ വെളിപ്പെടുത്താറില്ല. ഇത് വ്യക്തികളുടെ സ്വകാര്യതക്ക് ഭീഷണിയാകുന്നു.
ഉയർന്ന നിലവാരവും ചെലവ് കുറഞ്ഞതും പെട്ടെന്ന് ലഭ്യമാകുന്നതുമായ മാനസികാരോഗ്യ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുകയെന്നതാണ് ഇവിടെ പ്രധാന പരിഹാര മാർഗം. കൂടാതെ, എ.ഐ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിലും പരീക്ഷിക്കുന്നതിലും മനഃശാസ്ത്രജ്ഞരെയും ഗവേഷകരെയും ഉൾപ്പെടുത്തുക, ലൈസൻസുള്ള പ്രഫഷനലുകളായി നടിക്കുന്നതിൽനിന്ന് എ.ഐയെ വിലക്കുക, ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുക, എ.ഐയുടെ ധാർമികത-ഡേറ്റ ഉപയോഗം എന്നിവയെക്കുറിച്ച് ആരോഗ്യ വിദഗ്ധരെ ബോധവത്കരിക്കുക തുടങ്ങിയ നിർദേശങ്ങളും എ.പി.എ മുന്നോട്ടുവെക്കുന്നു.
















