പുലർച്ചെ കിളികളുടെ കളകളാരവം നിങ്ങൾ കേൾക്കാറുണ്ടോ ? മധുരമായ ഗീതത്തിൽ അവ പാടുന്നത് കേൾക്കാൻ തന്നെ രസമാണ്. ചിലർ കരുത്തും കിളികൾ തമ്മിൽ വഴക്കുണ്ടാക്കുന്നതിന്റെ ബഹളമാണെന്ന്. എന്നാൽ പക്ഷികൾ രാവിലെ ഇത്തരത്തിൽ പാട്ടുപാടുന്നതിനു പിന്നിൽ വ്യക്തമായ കാരണമുണ്ട്.
കൊറിയ ബ്രെയിൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവശാസ്ത്രജ്ഞനായ എഡ്നൈ ബരോസും സംഘവുമാണ് പക്ഷികളുടെ ഈ സ്വഭാവരീതിക്ക് പിന്നിലെ കാരണം തേടി ഇറങ്ങിയത്. രാത്രിയിൽ നിന്ന് പകലിലേക്കുള്ള മാറ്റം പക്ഷികളെ എത്തരത്തിൽ സ്വാധീനിക്കുന്നു എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. സൂര്യോദയം എത്താനായുള്ള കാത്തിരിപ്പ് നീളുംതോറും പക്ഷികളുടെ പാട്ടിൻ്റെ തീവ്രതയിലും മാറ്റം ഉണ്ടാകുന്നുണ്ടെന്നാണ് പഠന സംഘം കണ്ടെത്തിയത്. ഓസ്ട്രേലിയയിലും സമീപ ദ്വീപുകളിലും കാണപ്പെടുന്ന സീബ്ര ഫിഞ്ച് എന്നറിയപ്പെടുന്ന പക്ഷികളിലാണ് പഠനം നടത്തിയത്.
പഠനം നടത്തുന്നതിനായി അവയെ പ്രത്യേകമായി തയ്യാറാക്കിയ ഇടങ്ങളിൽ പാർപ്പിച്ചു. പകൽ എന്ന് തോന്നിപ്പിക്കുന്നതുപോലെ നല്ല വെളിച്ചമുള്ള ലാബ് മുറികളിൽ വച്ച് ആൺ സീബ്രാ ഫിഞ്ചുകൾ സ്വയം ഊർജ്ജസ്വലതയോടെ പാട്ടുപാടുന്നതുപോലെയുള്ള ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരുന്നു. എന്നാൽ പൂർണ്ണമായി ഇരുട്ട് നിറച്ചപ്പോഴാകട്ടെ അവ യാതൊരുവിധ ശബ്ദവും ഉണ്ടാക്കിയതുമില്ല. വെളിച്ചത്തിലെ വ്യത്യാസത്തിന്റെ സ്വാധീനം കൃത്യമായി മനസ്സിലാക്കാൻ കൂടുതൽ നേരം വിളക്കുകൾ അണച്ച് സൂര്യോദയം കൃത്രിമമായി മൂന്ന് മണിക്കൂർ വൈകിപ്പിച്ചും പരീക്ഷണം നടത്തിയിരുന്നു. ഇത്തരം സാഹചര്യത്തിൽ വെളിച്ചം കടന്നെത്തിയ മാത്രയിൽ വളരെ പെട്ടെന്ന് തന്നെ അവ വേഗതയിൽ ശബ്ദങ്ങൾ ഉണ്ടാക്കുന്നതായി തിരിച്ചറിഞ്ഞു. ദിവസം ആരംഭിക്കാൻ അക്ഷമയോടെ കാത്തിരുന്നതിന്റെ പ്രതിഫലനമായാണ് ഗവേഷകർ ഇത് വിലയിരുത്തുന്നത്.
എന്നാൽ വെളിച്ചം വൈകിപ്പിച്ച വേളയിലും പുറത്തെ സൂര്യോദയത്തിന്റെ അതേ സമയത്ത് തന്നെ പക്ഷികൾ ഉണരുന്നതായും കണ്ടെത്തി. ഇരുട്ടിൽ തന്നെ സജീവമായി ചുറ്റി നടക്കുകയായിരുന്നു അവ. എന്നാൽ വെളിച്ചം എത്തുന്നത് വരെ പാട്ടുപാടാൻ മുതിർന്നിരുന്നില്ല. മെലറ്റോണിനുമായി ബന്ധപ്പെട്ട ഹോർമോൺ സംവിധാനങ്ങൾ വഴിയാണ് പക്ഷികൾ പ്രഭാതത്തിന് വളരെ മുമ്പുതന്നെ ഇരുട്ടിൽ ഉണരുന്നത് എന്ന് എഡ്നി ബാരോസ് പറയുന്നു. അസ്വാഭാവികമായി ഇരുട്ടിൻ്റെ ദൈർഘ്യം നീളുമ്പോൾ യഥാസമയത്ത് പാട്ടുപാടാൻ തുനിയാതെ അവ ആ ശീലം അടിച്ചമർത്തുന്നുണ്ട്. എന്നാൽ ഇത് മൂലം ശബ്ദമുണ്ടാക്കാനുള്ള അവയുടെ ആന്തരക പ്രചോദനം വർദ്ധിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വിവരിക്കുന്നു.
ഒരു രാത്രി നീണ്ടുനിൽക്കുന്ന വിശ്രമത്തിനുശേഷം ശബ്ദത്തിന് ഒരു വാം അപ്പ് നൽകുന്നതിനുവേണ്ടിയാണ് പക്ഷികൾ വെളിച്ചം വീഴുന്ന സമയത്ത് തന്നെ പാട്ടുപാടുന്നത്. ദിവസത്തിൻ്റെ തുടക്കത്തിൽ തന്നെ ശരീരത്തിന്റെ പ്രകടനം മെച്ചപ്പെടുത്താൻ ഇതിലൂടെ പക്ഷികൾക്ക് സാധിക്കുന്നുണ്ട്. ഇതിനുപുറമേ പകൽ സമയത്തെ പ്രത്യുൽപാദന പ്രക്രിയ കൂടുതൽ വിജയകരമാക്കാനും ഊർജസ്വലതയോടെയുള്ള ഈ പാട്ടുപാടൽ പക്ഷികളെ സഹായിക്കുന്നുണ്ടെന്നാണ് നിഗമനം
















