ചെന്നൈ: രജിനികാന്ത്-കമൽ ഹാസൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ‘തലൈവര്‍ 173’ എന്ന സിനിമയ്ക്കായി കാത്തിരിപ്പിലാണ് ആരാധകർ. സുന്ദർ സി ആണ് ചിത്രം സംവിധാനം ചെയ്യുകയെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അടുത്തിടെ അദ്ദേഹം സിനിമയിൽ നിന്നും പിന്മാറി. തുടർന്ന് അത് വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ വിഷത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കമൽഹാസൻ.
“രജനിക്ക് ഇഷ്ടപെടുന്ന കഥ ലഭിക്കും വരെ അന്വേഷണം തുടരും. സുന്ദറിന് പറയാനുള്ളത് വാർത്താക്കുറിപ്പായി ഇറങ്ങി. ഇനി സഹകരിക്കില്ല”, എന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കമൽഹാസൻ പറഞ്ഞു. കഥകൾ നല്ലതാണെങ്കിൽ നവാഗത സംവിധായകരിൽ നിന്ന് തിരക്കഥകൾ കേൾക്കാൻ തയ്യാറാണെന്നും കമൽഹാസൻ സൂചിപ്പിച്ചു.
നവംബര്‍ 5ന് ആയിരുന്നു തലൈവര്‍ 173യുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. കമല്‍ഹാസന്‍റെ രാജ്കമല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 2027 പൊങ്കല്‍ റിലീസായി വരുന്ന ചിത്രം സുന്ദര്‍ സി ആയിരിക്കും സംവിധാനം ചെയ്യുകയെന്നും അറിയിച്ചിരുന്നു. എന്നാല്‍ നവംബര്‍ 13ന് ചിത്രത്തില്‍ നിന്നും പിന്മാറിയതായി സുന്ദര്‍ സി അറിയിച്ചു.
താന്‍ ഏറ്റവും ബഹുമാനിക്കുന്ന രണ്ട് പേരാണ് രജനിയും കമൽഹാസനുമെന്നും വിലമതിക്കാനാവാത്ത ചില പാഠങ്ങളാണ് അവര്‍ തനിക്ക് നല്‍കിയെന്നും സുന്ദർ സി പറഞ്ഞിരുന്നു. രജനികാന്തിന്‍റെ നായകനാക്കി അരുണാചലം എന്ന ചിത്രം സംവിധാനം ചെയ്തത് സുന്ദര്‍ സി ആയിരുന്നു. കമല്‍ഹാസനെ നായകനാക്കി ഒരുക്കിയത് അന്‍പേ ശിവമാണ്. രാജ്കമല്‍ ഫിലിംസിന്‍റെ 44-ാം വര്‍ഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് തലൈവര്‍ 173.
















