തലശ്ശേരി പാനൂർ പാലത്തായിയിൽ നാലാംക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ. പത്മരാജന് തലശ്ശേരി അതിവേഗ പ്രത്യേക കോടതി ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസിൽ താമസക്കാരനുമായ കെ. പദ്‌മരാജനാണ് (52) നാണ് ജഡ്ജി എ.ടി. ജലജാറാണി ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ജീവപര്യന്തം തടവിനു പുറമെ, ഒരു ലക്ഷം രൂപ പിഴയും പ്രതി അടക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം. ഇതിനു പുറമെ, പോക്സോ കേസ് പ്രകാരം രണ്ടുവകുപ്പുകളിലായി 40 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കൂടി വിധിച്ചു. അതോടെ ആകെ രണ്ട് ലക്ഷം രൂപയാണ് പ്രതി പിഴയായി അടക്കേണ്ടത്. 12 വയസ്സിൽ താഴെയുള്ള കുട്ടിയെ ഒന്നിൽ കൂടുതൽ തവണ പീഡിപ്പിച്ചതിന് പോക്‌സോ നിയമത്തിലെയും ബലാത്സംഗം ചെയ്തതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പി.എം. ഭാസുരി ഹാജരായി.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ സ്കൂളിലെ ശൗചാലയത്തിൽ കൊണ്ടുപോയി നാലാം ക്ലാസുകാരിയെ മൂന്നുതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനവിവരം ചൈൽഡ് ലൈനിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി 2020 മാർച്ച് 17-ന് പാനൂർ പോലീസ് കേസെടുത്തു. ഏപ്രിൽ 15-ന് പൊയിലൂർ വിളക്കോട്ടൂരിൽനിന്ന് പ്രതിയായ കെ. പത്മരാജനെ അറസ്റ്റ് ചെയ്തു. കേസ് പിന്നീട് ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണസംഘവും അന്വേഷിച്ചു.
ക്രൈംബ്രാഞ്ച് ഐജിയായിരുന്ന എസ്. ശ്രീജിത്ത് ഫോൺ സംഭാഷണത്തിൽ പ്രതിയെ അനുകൂലിച്ച് സംസാരിച്ചതായുള്ള വെളിപ്പെടുത്തൽ വലിയ വിവാദമായതിനെത്തുടർന്ന് അന്വേഷണത്തിന് പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു ഈ നടപടി. തീരമേഖലാ എഡിജിപി ഇ.ജെ. ജയരാജൻ, അസി. കമ്മിഷണർ ടി.കെ. രത്‌നകുമാർ എന്നിവരുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം 2021 മേയിൽ പോക്‌സോ വകുപ്പ് ഉൾപ്പെടുത്തി അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.
















