ബെംഗളൂരുവിൽ കര്‍ണാടകയിലെ യാഡ്ഗിര്‍ ജില്ലയിൽ പട്ടാപ്പകൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ ഞെട്ടിത്തരിച്ച് സംസ്ഥാനം. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കന്‍ഡ് ഡിവിഷന്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന അഞ്ജലി ഗിരീഷ് കാമ്പനൂർ (35) ആണ് കൊല്ലപ്പെട്ടത്. ഓഫീസിലേക്ക് പോകുന്നതിനിടെ കാർ തടഞ്ഞുനിർത്തി നാലംഗ സംഘം അഞ്ജലിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അഞ്ജലിയുടെ ഭര്‍ത്താവ് ഗിരീഷ് കാമ്പനൂർ കൊല്ലപ്പെട്ട് മൂന്നുവര്‍ഷം തികയും മുൻപാണ് ഈ ദാരുണ സംഭവം.
കൊലപാതകം നടന്നത് ബുധനാഴ്ചയാണ്. യാഡ്ഗിറിലെ ഗ്രീൻ സിറ്റിക്ക് സമീപം വെച്ചാണ് അഞ്ജലി സഞ്ചരിച്ച കാർ ആക്രമികൾ തടഞ്ഞത്. തുടർന്ന് കാറിന്റെ ചില്ലുകൾ അടിച്ചുതകർത്ത നാലംഗസംഘം, അഞ്ജലിയുടെ നേർക്ക് ആക്രമണം അഴിച്ചുവിടുകയായിരുന്നു. മുഖത്തും കൈകളിലുമുൾപ്പെടെ ഗുരുതരമായ വെട്ടേറ്റ അഞ്ജലിയെ ഡ്രൈവറാണ് ആദ്യം യിംസ് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സകൾക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
അഞ്ജലിയുടെ കൊലപാതകത്തിന് പിന്നിൽ പൂർവ വൈരാഗ്യമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ സംഭവത്തിന് പിന്നിൽ രാഷ്ട്രീയ തർക്കങ്ങൾക്കും പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. വെട്ടിക്കൊലപ്പെടുത്തിയ നാലുപേർക്ക് പുറമെ, കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. മുൻ മന്ത്രി സി. ഗുരുനാഥിന്റെ ബന്ധു കൂടിയാണ് അഞ്ജലി.
കൊല്ലപ്പെട്ട അഞ്ജലി ഗിരീഷ്, മുൻപ് ഷഹാബാദ് സിറ്റി മുനിസിപ്പൽ കൗൺസിലിലെ ചെയർപേഴ്‌സൺ ആയിരുന്നു. കോൺഗ്രസ് പ്രവർത്തക കൂടിയായിരുന്ന അഞ്ജലി, ഭർത്താവിന്റെ മരണത്തിന് പിന്നാലെ രണ്ടുവർഷം മുൻപാണ് സർക്കാർ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ, അഞ്ജലിയുടെ കുടുംബത്തിലെ കൊലപാതക പരമ്പര ഇവിടെ അവസാനിക്കുന്നില്ല. 2022-ലാണ് അവരുടെ ഭര്‍ത്താവ് ഗിരീഷ് കാമ്പനൂർ കൊല്ലപ്പെട്ടത്. അതിനും മുൻപ് 2020-ൽ ഭർതൃസഹോദരനായ സതീഷും സമാനമായ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതക കേസുകൾ കോടതിയിൽ നടന്നുകൊണ്ടിരിക്കെയാണ് അഞ്ജലി കൂടി കൊല്ലപ്പെടുന്നത്. കുടുംബത്തിലെ തുടർച്ചയായ മൂന്നാമത്തെ കൊലപാതകമാണിത്. യാഡ്ഗിർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















