ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് കേരളം രാജ്യത്തിന് മാതൃകയായിരിക്കുന്നു. ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ, കേരളം അതിവേഗം വളരുന്ന വ്യവസായ മേഖല ( Fast Mover Category ) ആയി തിരഞ്ഞെടുക്കപ്പെട്ടത്തിനു പിന്നിൽ വൈദ്യുതി മേഖലയിൽ നടപ്പിലാക്കിയ ഉപഭോക്തൃ സൗഹൃദ പരിഷ്കാരങ്ങൾ പ്രധാന പങ്ക് വഹിച്ചു. കേന്ദ്ര സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് 2024 ഫലപ്രഖ്യാപനത്തിൽ, നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങളുടെ 99 ശതമാനവും വിജയകരമായി നടപ്പിലാക്കിക്കൊണ്ടാണ് കേരളം ദേശീയ തലത്തിൽ ഈ മുന്നേറ്റം സ്വന്തമാക്കിയത്.
ബിസിനസ് അധിഷ്ഠിത പരിഷ്കരണ മേഖലകളിൽ കേരളം ടോപ്പ് അച്ചീവർ സ്ഥാനം കൂടി കരസ്ഥമാക്കിയത് ഈ നേട്ടത്തിന് ഇരട്ടി മധുരമേകുന്നു. ബിസിനസ് പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിലും ഓൺലൈൻ സേവനങ്ങൾ വിപുലീകരിക്കുന്നതിലും കെ.എസ്.ഇ.ബി. കൈക്കൊണ്ട നടപടികൾ ദേശീയ തലത്തിൽ ഉയർന്ന സ്കോർ നേടിയത് സംസ്ഥാനത്തിന്റെ ഈ നേട്ടത്തിന് നിർണായകമായി. ഇതിന്റെ ഭാഗമായി, SBRAP 2024-ൽ (State Business Reforms Action Plan 2024) 16 പരിഷ്കാരങ്ങളും SBRAP PLUS 2024-ൽ (State Business Reforms Action Plan PLUS 2024) 8 പരിഷ്കാരങ്ങളും കൃത്യസമയത്തിനുള്ളിൽ കെ.എസ്.ഇ.ബി. നടപ്പിലാക്കി.
പുതിയ കണക്ഷൻ എടുക്കുന്നതടക്കമുള്ള യൂട്ടിലിറ്റി പെർമിറ്റുകൾ ലഭിക്കുന്നതിനുള്ള പരിഷ്കാരങ്ങളാണ് ഇതിൽ ഏറ്റവും പ്രധാനം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും പണം അടയ്ക്കാനും അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാനും കഴിയുന്ന സമഗ്രമായ ഓൺലൈൻ സംവിധാനം കെ.എസ്.ഇ.ബി. ഒരുക്കി. കൂടാതെ, സംസ്ഥാനത്തിന്റെ ഏകജാലക പോർട്ടലായ കെ-സ്വിഫ്റ്റ് (K-SWIFT)-മായി പുതിയ സർവീസ് കണക്ഷൻ, പവർ ഫീസിബിലിറ്റി, ഉടമസ്ഥാവകാശം മാറ്റൽ, താത്കാലിക കണക്ഷൻ, ലോഡ് വർദ്ധിപ്പിക്കൽ ക്വിക്ക് പേ തുടങ്ങിയ പ്രധാന സേവനങ്ങളെല്ലാം സംയോജിപ്പിച്ചു.
പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും മറ്റ് സേവനങ്ങൾക്കുമായി ആവശ്യമായ നിർബന്ധിത രേഖകളുടെ എണ്ണം രണ്ടായി കുറച്ചത് ബിസിനസ് സ്ഥാപനങ്ങൾക്ക് വലിയ ആശ്വാസമായി. ഒരു സേവനം ലഭിക്കാൻ ആവശ്യമായ രേഖകൾ, ഫീസ്, നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ വിവരങ്ങൾ കെ.എസ്.ഇ.ബി. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉപഭോക്താക്കൾക്കായി സർവീസ് പെർഫോമൻസ്, സർവീസ് ഫീസ് വിവരങ്ങൾ, വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട ഡാറ്റ എന്നിവ ഉൾക്കൊള്ളുന്ന ഓൺലൈൻ ഡാഷ്‌ബോർഡുകൾ പൊതുവായി ലഭ്യമാക്കി.
കൂടാതെ, പ്ലാൻഡ് ഔട്ടേജുകളെക്കുറിച്ചുള്ള അറിയിപ്പുകൾ, ഫലപ്രദമായ താരിഫ് നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുകയും, കെ.എസ്.ഇ.ബി. സേവനങ്ങൾ റൈറ്റ് ടു സർവീസ് (RTS 2012) നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരികയും ചെയ്തു. വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾക്ക് PAN കാർഡ് നിർബന്ധമായും രേഖപ്പെടുത്താനുള്ള സംവിധാനം നടപ്പിലാക്കുകയും ഓൺലൈൻ പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്തു. കെ.എസ്.ഇ.ബി.യുടെ വിവിധ ഓൺലൈൻ സേവനങ്ങൾ ഉപയോഗിച്ച 90 ശതമാനത്തിലധികം ഉപഭോക്താക്കൾ നൽകിയ മികച്ച പ്രതികരണങ്ങൾ കേന്ദ്ര ഗവൺമെന്റ് നടത്തിയ സർവേയിൽ സംസ്ഥാനത്തിന് ഈ ഉന്നത നേട്ടം കൈവരിക്കാൻ നിർണായകമായി.
















