പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് ഇന്ന് എഴുപതാം പിറന്നാൾ. നിരവധി ആളുകളാണ് യൂസഫ് അലിക്ക് ജന്മദിനാശംസകളുമായി എത്തിയത്. മലയാളികളുടെ അഭിമാണ് എം.എ. യൂസഫലി. മുഴുവൻ മലയാളികള്‍ക്കും ലക്ഷക്കണക്കിനു പ്രവാസികള്‍ക്കും എം.എ. യൂസഫലി എന്നുപറയുന്നത് വലിയൊരു പാഠപുസ്തകം തന്നെയാണ്.
കൊച്ചിയിലും തിരുവനന്തപുരത്തുമുള്‍പ്പെടെ ലോകത്താകെ 222 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍. ഫോറെക്‌സ് സ്ഥാപനങ്ങള്‍. ഇന്ത്യയ്ക്കകത്തും പുറത്തും പച്ചക്കറി-മാംസ സംസ്‌കരണ ഫാക്ടറികള്‍. കൊച്ചിന്‍ മാരിയോട്ട്-ഗ്രാന്റ് ഹയാത്ത് ഹോട്ടലുകള്‍, ആഗോള ഉപഭോക്തൃമേഖലയില്‍ നൂതന വിപ്ലവത്തിന്റെ കൊടിയടയാളങ്ങള്‍. സ്വദേശമായ നാട്ടികയില്‍ വൈ മാള്‍. അബുദാബിയില്‍ ലുലു കേന്ദ്രആസ്ഥാനമായ വൈ. ടവര്‍. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരിലൂടെ മാത്രം നാം കേട്ടിട്ടുള്ള പരിശീലനസ്ഥലമായ ബ്രിട്ടനിലെ സ്‌കോട്ട്ലാന്റ്യാര്‍ഡ് ഒന്നര ബില്യണ്‍ ദിര്‍ഹം നല്‍കി യൂസഫലി സ്വന്തമാക്കി. പറക്കാന്‍ സ്വന്തമായി വിമാനവും ഹെലികോപ്റ്ററും. തന്റെ പേരിന്റെ ആദ്യാക്ഷരം സൂചിപ്പിക്കുന്ന വൈ എന്ന സ്വര്‍ണ്ണമുദ്രയുള്ള വിമാനവും ആഡംബരക്കാറുകളും യു.എ.ഇയിലുള്‍പ്പെടെയുള്ള നഗരങ്ങളിലെ കൊട്ടാരസദൃശമായ വീടുകളും.
1973 ഡിസംബര്‍ 31-നാണ് മറ്റേതൊരു ഗള്‍ഫ് ഭാഗ്യാന്വേഷിയേയും പോലെ, യൂസഫലിയും ദുബായ് റാശിദിയാ തുറമുഖത്ത് വന്നിറങ്ങുന്നത്. നാട്ടികയിലെ പഠനത്തിനുശേഷം അഹമ്മദാബാദില്‍നിന്നു ലഭിച്ച ബിസിനസ് മാനേജ്മെന്റിലെ ഡിപ്ലോമാ സര്‍ട്ടിഫിക്കറ്റും ബാപ്പയും വല്ലിപ്പയും പകര്‍ന്ന ആത്മവിശ്വാസവുമായിരുന്നു, ദുബായ് മണ്ണിലിറങ്ങിയ യൂസഫലിയുടെ കരുത്ത്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍, ഇതേ യു.എ.ഇയുടെ ഭരണാധിപന്മാരുടെ ഏറ്റവുമടുത്ത സുഹൃത്തായി മാറിയതും തലസ്ഥാനമായ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ വൈസ് ചെയര്‍മാനായി അവരോധിക്കപ്പെട്ടതും യൂസഫലിയുടെ ജീവിതത്തിലെ സുവര്‍ണ്ണഘട്ടമായി മാറി. ഒരേയൊരു യൂസഫലിക്കു മാത്രം കൈവന്ന സൗഭാഗ്യം.
ജീവകാരുണ്യത്തിന്റെ മറുവാക്കാണ് യൂസഫലി. അര്‍ഹരായ കുടുംബങ്ങളിലേക്ക് കനിവിന്റെ ഈറന്‍ കാറ്റായി യൂസഫലി എത്തുന്നു. പുറത്തറിഞ്ഞും അറിയാതേയും അദ്ദേഹം നല്‍കി വരുന്ന സഹായങ്ങളും സംഭാവനകളുമെല്ലാം ലക്ഷക്കണക്കിനാളുകള്‍ക്കാണ് സ്‌നേഹത്തണലായി മാറുന്നത്. ഗള്‍ഫിലും നാട്ടിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍, നാട്ടിലേക്ക് പോകാന്‍ സാധിക്കാതെ ഗള്‍ഫ് നാടുകളില്‍ അലയുന്നവര്‍, ചെറുതും വലുതുമായ കേസുകളില്‍ കുടുങ്ങി ജീവിതത്തിലാകെ ഇരുള്‍ പടര്‍ന്നവര്‍. ഇങ്ങനെയുള്ള ആയിരങ്ങളെയാണ് യൂസഫലി കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ നടത്തിയിട്ടുള്ളത്.
കച്ചവടത്തിന്റെ ടെന്‍ഷനുകളില്‍നിന്നു മുക്തമാകുന്ന നിമിഷങ്ങളില്‍ സംഗീതവും സിനിമയും ആസ്വദിക്കുന്ന യൂസഫലിക്ക് ഹ്യൂമര്‍ ഏറെ ഇഷ്ടമാണ്. തമാശ പറയുന്ന ഒരു കൂട്ടായ്മ തന്നെ അദ്ദേഹവും സുഹൃത്തുക്കളും അബുദാബിയില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. വായനയും ഏറെ ഇഷ്ടമാണ്. ബിസിനസ് മാഗസിനുകളാണ് കൂടുതല്‍ താല്പര്യം. പ്രാതലിനു പുട്ടും പഴവും നിര്‍ബ്ബന്ധം. ഉച്ചയൂണിന് ഗുരുവായൂര്‍ പപ്പടവും ഒഴിച്ചുകൂടാനാവാത്തതാണ്. (ഗള്‍ഫിലെ ആറു രാജ്യങ്ങളില്‍നിന്നു കേരളത്തിലേക്കും തിരിച്ചും നിത്യേന പറക്കുന്ന വിമാനങ്ങളില്‍ ഏറ്റവും ചുരുങ്ങിയത് അരഡസന്‍ ലുലു ജീവനക്കാരെങ്കിലുമുണ്ടാകും. നേരിട്ടും അല്ലാതെയുമായി ലുലു വേതനം നല്‍കുന്ന എഴുപതിനായിരം ലുലു ജീവനക്കാരില്‍ ഏറിയ പങ്കും മലയാളികളാണ്). സഹോദരന്‍ എം.എ. അഷ്റഫലി, യൂസഫലിയുടെ സംരംഭങ്ങളുടെ ശക്തിസ്രോതസ്സായി നിലനില്‍ക്കുന്നു. ഷാബിറയാണ് യൂസഫലിയുടെ പത്‌നി. മക്കള്‍: ഷബീന, ഷഫീന, ഷിഫ.
നിരന്തരമായ വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടാണ് സമൃദ്ധിയുടെ മഹാകാശം ഈ നാട്ടികക്കാരന്‍ കീഴടക്കിയത്. 2005-ല്‍ പ്രവാസി ഭാരതീയ സമ്മാന്‍, 2008-ല്‍ പത്മശ്രീ പുരസ്‌കാരം, 2014-ല്‍ ബഹറൈന്‍ രാജാവിന്റെ ഓര്‍ഡര്‍ ഓഫ് ബഹറൈന്‍, 2017-ല്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീന്‍സ് പുരസ്‌കാരം, കഴിഞ്ഞ വര്‍ഷം യു.എ.ഇയുടെ ഉന്നത സിവിലിയന്‍ ബഹുമതി എന്നിങ്ങനെ യൂസഫലിക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ നിരവധിയാണ്. ഇതു കൂടാതെ യു.എ.ഇ., സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കുന്ന ആദ്യത്തെ ആജീവനാന്ത താമസ വിസക്ക് (ഗോള്‍ഡന്‍ വിസ-പ്രീമിയം ഇഖാമ) അര്‍ഹനായതും യൂസഫലിയാണ്. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി യൂസഫലിക്കുള്ള ആത്മബന്ധം മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാന്‍ വകയുള്ളതാണ്. അബുദാബി നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്വന്തമായി വീട് നിര്‍മ്മിക്കാനുള്ള സ്ഥലം വര്‍ഷങ്ങള്‍ക്കു മുന്‍പ് ശൈഖ് മുഹമ്മദ് യൂസഫലിക്കു നല്‍കിയത്. ഇത് കൂടാതെ അബുദാബി നഗരത്തിലുള്ള ലുലു ഗ്രൂപ്പിന്റെ മുഷ്റിഫ് മാള്‍ നിലനില്‍ക്കുന്ന 40 ഏക്കര്‍ സ്ഥലം അബുദാബി സര്‍ക്കാര്‍ നല്‍കിയതാണ്.
35,000-ലധികം മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 70,000-ലേറെ ആളുകളാണ് ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 222 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലായാണ് ഇവരത്രയും ജോലിയെടുക്കുന്നത്.
ഇതുകൂടാതെ യു.എസ്.എ, യു.കെ, സ്പെയിന്‍, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈന്‍സ്, തായ്ലാന്‍ഡ് മുതലായ രാജ്യങ്ങള്‍ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളുമുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച് അടുത്ത വര്‍ഷാരംഭത്തോടെത്തന്നെ 250 ഹൈപ്പര്‍മാര്‍ക്കറ്റ് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് ലുലു ഗ്രൂപ്പ്.
















