പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ മാനേജ്മെന്റിന് ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. കെ പത്മരാജന് മരണംവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. 10 വയസുകാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പോക്സോ വകുപ്പുകളിലായി 40 വർഷവും തടവുശിക്ഷയും കെ പത്മരാജന്‍ അനുഭവിക്കണം. തലശ്ശേരി അതിവേഗ കോടതിയാണ് കെ പത്മരാജനെതിരെ ശിക്ഷ വിധിച്ചത്.
വിദ്യാർത്ഥിനിക്ക് സംരക്ഷകൻ ആകേണ്ട അധ്യാപകൻ നടത്തിയ ക്രൂരകൃത്യം. നാലാം ക്ലാസുകാരിയെ സ്കൂളിലെ ശുചിമുറിയിൽ വച്ച് മൂന്ന് ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് മരണം വരെ ജീവപര്യന്തം ശിക്ഷയും പോക്സോ കേസിൽ 40 വർഷം തടവും രണ്ടd ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പിന്നീട് പ്രത്യേക അന്വേഷണസംഘവും നടത്തിയ കേസിലാണ് അഞ്ചുവർഷം കഴിയുമ്പോൾ ശിക്ഷ വിധിച്ചത്. ഡിവൈഎസ്പി ആയിരുന്ന ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ശാസ്ത്രീയ തെളിവുകൾ കേസിനു ബലം നൽകി. പത്തു വയസ്സുകാരിയെ അഞ്ചുദിവസം കോടതി മുറിയിൽ വിസ്തരിക്കേണ്ടി വന്നതിന്റെ വേദന പങ്കുവയ്ക്കുമ്പോഴും വിധിയിലെ ആശ്വാസമാണ് പ്രോസിക്യൂഷൻ കാണുന്നത്.
കുടുംബ പശ്ചാത്തലം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് വേണമെന്നായിരുന്നു പ്രതി കോടതിയിൽ പറഞ്ഞത്. 12 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിലും സ്കൂളിൽ വെച്ച് അധ്യാപകൻ നടത്തിയ ക്രൂരകൃത്യത്തിലും ഫോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ ചേർത്താണ് 40 വർഷം തടവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ ചേർത്താണ് മരണം വരെ ജീവപര്യന്തം. കേസ് രാഷ്ട്രീയമാണെന്നും മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും പ്രതിഭാഗം. പ്രതിക്ക് കനത്ത ശിക്ഷ നൽകിയതിലുള്ള സന്തോഷം കുടുംബം പങ്കുവെച്ചു.
Story Highlights : palathayi-pocso-case-bjp-leader-k-padmarajan-dismissed-from-job
















