തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ മനംനൊന്താണ് ആര്‍എസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാക്കള്‍. സംഭവത്തില്‍ അതിയായ സങ്കടമുണ്ടെന്നും എന്താണ് കാരണമെന്ന് അന്വേഷിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. സംഭവം അറിഞ്ഞതിന് പിന്നാലെ തിരുവനന്തപുരം ജില്ലാ അധ്യക്ഷനോട് അന്വേഷിച്ചു. വാർഡിൽ നിന്ന് വന്ന പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
വിഷയം അന്വേഷിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു. പുറത്തുവന്ന കാര്യങ്ങൾ പരിശോധിക്കുമെന്ന് വി മുരളീധരൻ പറഞ്ഞു. ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിന് മണ്ണ് മാഫിയയുമായി ബന്ധമുണ്ട് എന്ന് വിശ്വസിക്കാനാകുമോ എന്നായിരുന്നു പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടുള്ള വി മുരളീധരന്‍റെ ചോദ്യം. ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് വി വി രാജേഷും പ്രതികരിച്ചു.
അതേസമയം, ആനന്ദിൻ്റെ ആത്മഹത്യയില്‍ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം രംഗത്തെത്തി. ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച സാധാരണ പ്രവർത്തകരെ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നില്ല. ഉദ്യോഗസ്ഥരെയും മാഫിയബന്ധമുള്ളവരെയുമാണ് സ്ഥാനാർത്ഥിയാക്കിയത്. അനിലിന് പിന്നാലെയാണ് ആനന്ദിൻ്റെ ആത്മഹത്യ. ആനന്ദ് സ്ഥാനാർത്ഥിയാകാനുള്ള ചർച്ചയിൽ ഇടംപിടിച്ചിരുന്നു. അല്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറാവില്ലായിരുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടറി വി ജോയി മാധ്യമങ്ങളോട് പറഞ്ഞു. പിന്മാറാനുള്ള വലിയ സമ്മർദ്ദത്തെ തുടർന്നാകണം ആത്മഹത്യയെന്നും വി ജോയി കൂട്ടിച്ചേര്‍ത്തു.
Story Highlights : rss-worker-suicide-in-thiruvananthapuram-response-rajeev-chandrasekhar
















