മദ്യപിച്ച് ലക്ക്കെട്ട് കോളേജ് ഹോസ്റ്റലിലെ അടുക്കളയില്‍ കിടന്നുറങ്ങിയ ജീവനക്കാരന്റെ കാൽ കുട്ടികൾക്ക് വിളമ്പാനുള്ള ചോറിൽ. ജീവനക്കാരനെ ജോലിയില്‍നിന്ന് പുറത്താക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ ഇസ്മയില്‍ഖാന്‍പേട്ട് ഗവ. പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ ജീവനക്കാരന്‍ ശേഖറിനെയാണ് ജോലിയില്‍നിന്ന് പുറത്താക്കിയത്. മദ്യപിച്ച് ലക്കുകെട്ടനിലയില്‍ ഇയാള്‍ ഹോസ്റ്റലിലെ അടുക്കളയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ വിദ്യാർത്ഥികൾ പകർത്തുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഹോസ്റ്റലിലെ വാച്ച്മാനായ ഇയാളെ ജോലിയില്‍നിന്ന് പുറത്താക്കിയത്.
കോളേജിലെ എസ്‌സി/എസ്ടി ബോയ്‌സ് ഹോസ്റ്റലില്‍ നവംബര്‍ 12-നായിരുന്നു സംഭവം. ഹോസ്റ്റല്‍ അടുക്കളയില്‍ മദ്യലഹരിയില്‍ കിടക്കുകയായിരുന്ന ഇയാളുടെ ഒരു കാല്‍, കുട്ടികള്‍ക്കായി പാകംചെയ്ത ചോറിലായിരുന്നു. രാത്രി ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികളാണ് ഈ കാഴ്ച കണ്ടത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഇതിന്റെ ദൃശ്യം പകര്‍ത്തുകയും അധികൃതരെ വിവരമറിയിക്കുകയുംചെയ്തു.
സംഭവം വിവാദമായതോടെ സംഗറെഡ്ഡി ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെട്ടു. കോളേജ് പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് തേടുകയും ഇതിനുപിന്നാലെ ജീവനക്കാരനെ സര്‍വീസില്‍നിന്ന് പുറത്താക്കുകയുമായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഹോസ്റ്റലില്‍ കര്‍ശനമായ നിരീക്ഷണം നടത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
















