ജി.എസ്.ടി പരിഷ്ക്കരണം വന്നതോടെ കുത്തനെ കുറഞ്ഞ വാഹന വില വീണ്ടും വർധനവിനൊരുങ്ങുന്നു. അസംസ്കൃത വസ്തുക്കളുടെ വില വര്‍ധന ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ കാർ വില കൂട്ടാനൊരുങ്ങുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെയായിരിക്കും വില വർധന. ഇതോടെ ഏതാണ്ടെല്ലാ വാഹന നിര്‍മാതാക്കളുടെയും മോഡലുകള്‍ക്ക് 2026 മുതല്‍ കൂടുതല്‍ തുക മുടക്കേണ്ടി വരും. ഇക്കൊല്ലം ഏപ്രിലിൽ അവസാനമായി കൂടിയ കാര്‍ വില ജി.എസ്.ടി പരിഷ്ക്കരണം വന്നതോടെ സെപ്റ്റംബര്‍ 22 മുതല്‍ കുത്തനെ കുറഞ്ഞിരുന്നു. ഇത് മിക്ക കമ്പനികളുടെയും വില്‍പ്പന കൂടാനും ഇടയാക്കിയിരുന്നു.
ജി.എസ്.ടി നിരക്കിളവ് പൂര്‍ണമായും ജനങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് വാഹന വില വര്‍ധിപ്പിക്കുമെന്ന് കുറച്ച് ദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കൊല്ലം വില വര്‍ധനയുണ്ടാകില്ലെന്നാണ് കമ്പനികള്‍ പറയുന്നത്. പകരം നടപ്പുസാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്) കാലയളവില്‍ വില വര്‍ധന നടപ്പിലാക്കുമെന്നും ഇവര്‍ പറയുന്നു. വാഹന നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് നിര്‍മാണ ചെലവും കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്.
രൂപയുടെ വിലയിടിവും കാരണം
അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് താഴുന്നതും വില വര്‍ധിക്കുന്നതിനുള്ള കാരണമാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 88.97 രൂപയിലെത്തിയിരുന്നു. പിന്നീട് നില അല്‍പ്പം മെച്ചപ്പെടുത്തിയെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ ആയിട്ടില്ല. രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞ് നില്‍ക്കുന്നത് വിദേശത്ത് നിന്ന് അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് ഉയര്‍ത്തുമെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.
ജി.എസ്.ടി നേട്ടം അവസാനിക്കുന്നു
നാല് മീറ്ററില്‍ താഴെ നീളമുള്ളതും 1,200 സി.സി വരെ എഞ്ചിന് ശേഷിയുള്ളതുമായ പെട്രോള്‍ കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമാക്കി കുറഞ്ഞിരുന്നു. ഇതിനൊപ്പം സെസും കുറച്ചതോടെ വിലയില്‍ കാര്യമായ മാറ്റമുണ്ടായി. പല കാറുകളുടെയും വില 2019ലേതിന് തുല്യമായി മാറി. ചെറുകാറുകളുടെ ഡിമാന്‍ഡും വര്‍ധിച്ചു. ഇതോടെ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ എല്ലാ കമ്പനികളും റെക്കോഡ് വില്‍പ്പനയും രേഖപ്പെടുത്തി. വിവിധ വിഭാഗങ്ങളില്‍ ജി.എസ്.ടി കുറച്ചെങ്കിലും വാഹന വിപണിയില്‍ മാത്രമാണ് പ്രകടമായ വിലക്കുറവുണ്ടായത്. വില വര്‍ധിപ്പിക്കുന്നതോടെ ഈ നേട്ടവും ജനങ്ങള്‍ക്ക് ലഭ്യമാകില്ലെന്ന ആക്ഷേപവും ശക്തമാണ്.
ഡിമാന്‍ഡില്‍ കമ്പനികള്‍ക്കും ശങ്ക
തുടര്‍ച്ചയായ മാസങ്ങളില്‍ രാജ്യത്തെ വാഹന വില്‍പ്പന വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ജി.എസ്.ടി ഇളവിനൊപ്പം രാജ്യത്ത് ഉത്സവകാലവും വന്നതോടെയാണ് ഡിമാന്‍ഡ് വര്‍ധിച്ചത്. ഉത്സവ കാലം കഴിയുകയും വില വര്‍ധിപ്പിക്കുകയും ചെയ്യുന്നത് വില്‍പ്പനയെ ബാധിക്കുമോയെന്ന ആശങ്കയും വാഹന കമ്പനികള്‍ക്കുണ്ട്. എന്നാല്‍ നിര്‍മാണ ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വില കൂട്ടാതെ പിടിച്ചുനില്ക്കാന് കഴിയില്ലെന്നും ഇവര്‍ പറയുന്നു. ഓരോ മോഡലിനും എത്ര രൂപ കൂടുമെന്ന കാര്യം അധികം വൈകാതെ പുറത്തുവരുമെന്നാണ് കരുതുന്നത്.
















