ബിഹാറിലെ ആര്‍ജെഡിയുടെ കനത്ത പരാജയത്തിന് പിന്നാലെ ലാലു കുടുംബത്തിലും പാര്‍ട്ടിയിലും പൊട്ടിത്തെറി. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ആർജെഡി നേതാവ് ലാലുവിൻ്റെ മകൾ രോഹിണി ആചാര്യ രാഷ്ട്രീയം ഉപേക്ഷിച്ചത് ലാലു കുടുംബത്തിലെ പൊട്ടിത്തെറിയുടെ സൂചനയായി. ലാലുവിന്റെ രണ്ടാമത്തെ മകളായ രോഹിണി ആചാര്യ രാഷ്ട്രീയവും കുടുംബവും വിടുകയാണെന്നാണ് സമൂഹമാധ്യമ പോസ്റ്റിലൂടെ പ്രഖ്യാപിച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും രാഷ്ട്രീയം വിടുകയാണെന്നും രോഹിണി ആചാര്യ എക്സില്‍ കുറിച്ചു. കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും രോഹിണി ആചാര്യ വ്യക്തമാക്കി. ലാലു കുടുംബത്തിലും കലഹം ഇതോടെ പ്രത്യക്ഷമായി.
തേജസ്വി യാദവിന്റെ രാഷ്ട്രീയ ഉപദേശകനും രാജ്യസഭാ എംപിയുമായ സജ്ജയ് യാദവുമായുള്ള അഭിപ്രായ ഭിന്നതയാണ് രോഹിണി പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രോഹിണി താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ലോക്സഭയിലെ തോല്‍വി ചൂണ്ടിക്കാട്ടി സീറ്റ് നിഷേധിച്ചതില്‍ രോഹിണി അതൃപ്തിയിലായിരുന്നു. അസുഖബാധിതനായ ലാലുവിന് വൃക്ക നല്‍കിയതോടെയാണ് രോഹിണി ആചാര്യയെ ലോകം അറിഞ്ഞത്.
തോല്‍വിക്ക് കാരണം വോട്ട് കൊള്ളയാണെന്നും തെളിവുകള്‍ ബിഹാറിലെ തോൽവിയിൽ കോൺഗ്രസിനുള്ളിലും ഇന്ത്യ സഖ്യത്തിലും അമർഷം പുകയുകയാണ്. രാഹുൽ ഗാന്ധിയുടെ തന്ത്രങ്ങൾ പാളി എന്നാണ് കോൺഗ്രസിലും പല നേതാക്കളും വിലയിരുത്തുന്നത്. ഇതിനിടെയാണ് വോട്ടുകൊള്ള ആരോപണത്തിൽ ഉറച്ചു് നില്ക്കാൻ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചത്. എസ്ഐആറിന് ശേഷം വോട്ടർ പട്ടികയിലെ ക്രമക്കേടിലൂടെ ബിജെപിയെ വിജയിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒത്താശ ചെയ്തു എന്നാണ് ആരോപണം. മല്ലികാർജ്ജുൻ ഖർഗെ തേജസ്വി യാദവിനോട് സംസാരിച്ചു. ബിഹാറിൽ മഹാസഖ്യ നേതാക്കൾ യോഗം ചേർന്ന് തോൽവി വിലയിരുത്തും.
പാർലമെൻ്റ് സമ്മേളനത്തിന് മുമ്പ് ഇന്ത്യ സഖ്യ യോഗം വിളിച്ചുചേർത്ത് ദേശീയ തലത്തിൽ എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കും. പശ്ചിമബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലും എസ്ഐആറിനോട് എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. എന്നാൽ, പ്രതിപക്ഷത്തെ അനൈക്യവും ബിഹാറിൽ തോൽവിക്കിടയാക്കി എന്ന വിമർശനം എൻസിപിയും ഡിഎംകെയും ഉന്നയിക്കുകയാണ്. അതേസമയം, അട്ടിമറി നടന്നുവെന്ന കോൺഗ്രസ് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. കോൺഗ്രസ് തോൽവിക്ക് കാരണം കണ്ടെത്തുകയാണെന്ന് ബിജെപി പ്രതികരണം. വിവാദങ്ങൾ ശ്രദ്ധിക്കാതെ ബംഗാൾ ലക്ഷ്യമാക്കി പ്രവർത്തിക്കാനാണ് നരേന്ദ്ര മോദി ഇന്നലെ നേതാക്കൾക്ക് നിർദ്ദേശം നല്‍കിയത്.
Story Highlights : rohini-acharya-quits-politics-disowns-family-bihar-election/
















