തിരുവനന്തപുരം കോർപറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച് പിന്നീട് മറ്റൊരാളെ സ്ഥാനാർഥിയാക്കിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ആർ.എസ്.എസ്. പ്രവർത്തകൻ ആനന്ദ് കെ. തമ്പിയുടെ മരണത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പൂജപ്പുര പോലീസ് ആനന്ദിൻ്റെ ബന്ധുക്കളിൽ നിന്ന് പ്രാഥമിക മൊഴികൾ രേഖപ്പെടുത്തി.
ആർ.എസ്.എസ്., ബി.ജെ.പി. നേതാക്കളിൽ നിന്നും പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബന്ധുക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൻ്റെ വകുപ്പുകളിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ തീരുമാനിച്ച ആനന്ദ് കഴിഞ്ഞദിവസം ശിവസേനയില്‍ അംഗത്വമെടുത്ത് അവരുടെ പിന്തുണ കൂടി ഉറപ്പിക്കാനും ശ്രമിച്ചിരുന്നു. ഇതിനിടയില്‍ മല്‍സരത്തില്‍ നിന്നും പിന്മാറാന്‍ ആരുടെയെങ്കിലും ഭീഷണിയോ, സമ്മര്‍ദമോ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കും.
മണ്ണ് മാഫിയക്കാരായ നേതാക്കളില്‍ ചിലരുടെ സമ്മര്‍ദം കാരണമാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്ന ആരോപണമാണ് ആനന്ദിന്‍റെ ആത്മഹത്യാക്കുറിപ്പിലുള്ളത്. ആനന്ദിനെ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നില്ലെന്നാണ് ബി.ജെ.പി നേതാക്കളുടെ ആദ്യ പ്രതികരണം.
അതേസമയം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ആനന്ദിന്‍റെ മൃതദേഹം രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റുമോർട്ടം ചെയ്യും. തന്‍റെ മൃതദേഹം ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളെ കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുള്ളതിനാല്‍ പൊതുദര്‍ശനം സംബന്ധിച്ച് നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
















