ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ. വാസുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്.ഐ.ടി നാളെ കോടതിയിൽ അപേക്ഷ നൽകും. വാസുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണക്കുകൂട്ടൽ.
അതേസമയം സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും, ബന്ധുവിൻ്റെ മരണത്തെ തുടർന്ന് അദ്ദേഹം രണ്ടുദിവസത്തെ സാവകാശം തേടിയിരുന്നു. ഈ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ഉടൻ ചോദ്യം ചെയ്യലിലേക്ക് കടക്കാൻ എസ്.ഐ.ടി. തീരുമാനിച്ചത്.
സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം ബോർഡ് അംഗങ്ങൾ അറിഞ്ഞിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. സ്വർണക്കൊള്ളയിൽ പത്മകുമാറിൻ്റെ പങ്ക് സ്ഥിരീകരിച്ചാൽ ഉടൻതന്നെ അറസ്റ്റിലേക്ക് കടക്കുമെന്നും സൂചനയുണ്ട്.
















