ബിഹാർ തിരഞ്ഞെടുപ്പിൽ അധിക വോട്ടുകൾ രേഖപ്പെടുത്തി എന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. എസ്.ഐ.ആറിന് ശേഷം മൂന്നുലക്ഷം വോട്ടർമാർ കൂടി പേര് രജിസ്റ്റർ ചെയ്തതാണ് വോട്ടർമാരുടെ എണ്ണത്തിൽ വ്യത്യാസം വരാൻ കാരണമെന്ന് കമ്മീഷൻ വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ചു.
എസ്.ഐ.ആറിന് ശേഷം പുറത്തിറക്കിയ അന്തിമ പട്ടികയിൽ 7.42 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, അന്തിമ വോട്ടർപട്ടിക പുറത്തിറക്കിയ ശേഷവും പത്തുദിവസം പേര് ചേർക്കാൻ അവസരം നൽകിയിരുന്നു. ഈ സമയത്ത് മൂന്നുലക്ഷം പേരെ കൂടി ചേർത്തതിനാലാണ് വോട്ടർമാരുടെ ആകെ എണ്ണം 7.45 കോടിയായത്. കൂടുതൽ വോട്ടർമാർ വോട്ട് ചെയ്തു എന്ന ആരോപണം കമ്മീഷൻ തള്ളി.
അതേസമയം സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പ്രതിപക്ഷ പാർട്ടികൾ ഈ വിഷയത്തിൽ വലിയ വിമർശനം ഉയർത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശദീകരണം പുറത്തുവന്നെങ്കിലും, വ്യക്തത വേണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. ആരോപണത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പ്രതിപക്ഷം. കർണാടകയ്ക്ക് ഹരിയാനക്കും സമാനമായി ബിഹാറിലും കള്ളവോട്ട് നടന്നു എന്നാണ് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്.
















