ശിശുദിനത്തിൽ സ്കൂളിലെത്താൻ വൈകിയതിന് ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത. ബാഗുമായി 100 സിറ്റപ്പ് എടുപ്പിച്ച ബാലികയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ വസായിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിർ ഹൈസ്കൂളിൽ വെള്ളിയാഴ്ചയാണ് കാജൽ എന്ന 12 വയസുകാരി മരണപ്പെട്ടത്. വൈകി എത്തിയതിന് ശിക്ഷയായി അധ്യാപിക 100 സിറ്റപ്പ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ശിക്ഷ തീർന്നതിന് പിന്നാലെ പുറം വേദന അനുഭവപ്പെടുമെന്ന് വിദ്യാർത്ഥിനി പരാതിപ്പെട്ടിരുന്നു. പിന്നാലെ തളർന്നുവീണു. ആറാം ക്ലാസ് വിദ്യാർത്ഥിനിയെ സമീപത്തെ നാലാസോപാരയിലെ ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ ആരോഗ്യ സ്ഥിതി കൂടുതൽ മോശമായതോടെ മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് വിദ്യാർത്ഥിനിയെ മാറ്റിയെങ്കിലും കാജൽ മരണപ്പെടുകയായിരുന്നു. മകളുടെ ആരോഗ്യം പെട്ടന്ന് മോശമാകാൻ കാരണമായത് കഠിനമായ ശിക്ഷ മൂലമെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. നൂറ് സിറ്റ് അപ്പ് എടുക്കുന്ന സമയത്തും കുട്ടിയുടെ ചുമലിൽ നിന്ന് സ്കൂൾ ബാഗ് മാറ്റാൻ അധ്യാപിക അനുവദിച്ചില്ലെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
















