തിരുവള്ളൂർ: കുട്ടികളുടെ മനസ്സിൽ പരിസ്ഥിതി സംരക്ഷണവും മാലിന്യ സംസ്കരണത്തിന്റെ ആവശ്യകതയും രസകരമായ രീതിയിൽ ബോധപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തോടന്നൂർ ഉപജില്ല കലോത്സവ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി നവീനമായ ഒരു സംരംഭവുമായി എത്തിയിരിക്കുന്നു. പരമ്പരാഗത ‘പാമ്പും കോണിയും’ കളി പരിസ്ഥിതി സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന രീതിയിൽ പുതുക്കിയാണ് പരിപാടി അവതരിപ്പിച്ചത്.
പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ കോണിയിലൂടെ മുകളിലേക്കും, പ്രകൃതിക്ക് ഹാനികരമായ ശീലങ്ങൾ പാലിക്കുമ്പോൾ പാമ്പ് വിഴുങ്ങി താഴേക്ക് വീഴുന്നതുമാണ് ഈ പ്രത്യേക പതിപ്പിന്റെ സങ്കൽപ്പരീതി. വിദ്യാർത്ഥികൾക്ക് രസകരമായി പഠിപ്പിക്കാനാവുന്ന ഈ ഗെയിം കാർഡുകൾ ഉപജില്ലയിലെ എല്ലാ സ്കൂളുകളിലും വിതരണം ചെയ്യും.
കാർഡ് പ്രകാശനം തോടന്നൂർ ബിപിസി പി.എം. നിഷാന്ത് ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ അജിത്ത് കോട്ടപ്പള്ളിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി വൈസ് ചെയർമാൻ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. കൺവീനർ എം. റഷീദ്, ജോയിന്റ് കൺവീനർ എം. റഫീഖ്, ജില്ലാ ഉർദു അക്കാഡമിക് കൺവീനർ യൂനുസ് വടകര, എൻ. നിഷ, കെ. അഷ്റഫ്, സി.സി. കുഞ്ഞബ്ദുള്ള എന്നിവർ ചടങ്ങിൽ സംസാരിച്ചു.















